മുഹറത്തിന് വിഗ്രഹ നിമജ്ജനം അനുവദിക്കില്ല; ആര്.എസ്.എസ് തീ കൊണ്ട് കളിക്കേണ്ടെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാതെ വിഗ്രഹ നിമജ്ജന ചടങ്ങ് തീരുമാനിച്ച ആര്.എസ്.എസിനും വി.എച്ച്.പിക്കുമെതിരെ കടുത്ത മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീ കൊണ്ടു കളിക്കരുതെന്നു പറഞ്ഞാണ് മമതയുടെ മുന്നറിയിപ്പ്.
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് വിജയദശമി ദിവസത്തില്‍ സ്വകാര്യ, മത സ്ഥാപനങ്ങളില്‍ ആയുധ പൂജ നടത്താന്‍ വി.എച്ച്.പി തീരുമാനിച്ചതിനെതിരെയാണ് മമതയുടെ വിമര്‍ശനം.
വിജയദശമി ദിവസം ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഈമാസം ആദ്യം മമത പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു.
സെപ്തംബര്‍ 30ന് വൈകിട്ട് ആറു മണിക്കു ശേഷവും മുഹറം പ്രമാണിച്ച് ഒക്ടോബര്‍ ഒന്നിനും ദുര്‍ഗാ വിഗ്രഹ നിമജ്ജനവും അനുവദിക്കില്ലെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. മമത പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചത്.
വിഗ്രഹ നിമജ്ജനം സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. ഒക്ടോബര്‍ ഒന്നിന് മുഹറം ആയതിനാല്‍ വിഗ്രഹ നിമജ്ജനം അനുവദിക്കില്ലെന്നും രണ്ടിന് പരിപാടി തുടരാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."