ചാലിയാറില്‍ കക്കൂസ് മാലിന്യം തള്ളല്‍ നടപടിയെടുക്കണമെന്ന് ഡി.എം.ഒ പഞ്ചായത്ത് സെക്രട്ടറി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി
അരീക്കോട്: പഞ്ചായത്ത് പരിധിയിലെ വീടുകളില്‍നിന്നും കക്കൂസ് മാലിന്യങ്ങള്‍ വ്യാപകമായി ചാലിയാറില്‍ തള്ളുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീന പറഞ്ഞു. അരീക്കോട് പഞ്ചായത്തിലെ 394 വീടുകളില്‍നിന്നും കക്കൂസ് മാലിന്യങ്ങള്‍ ചാലിയാറില്‍ തള്ളുന്നതായി ഇന്നലെ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് ഡി.എം.ഒയുടെ പ്രതികരണം. ചാലിയാറില്‍ മാലിന്യം എത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ടത് പഞ്ചായത്താണ്.
പഞ്ചായത്തിന് കഴിയില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് വിവരം കൈമാറണമെന്നും സംഭവവുമായി ബന്ധപ്പെട്ട് പഠനം നടത്താനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനും നിര്‍ദേശം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അരീക്കോട് പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം കുടുംബശ്രീ അംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാഴ്ചയോളം നീണ്ടുനിന്ന ഗൃഹസന്ദര്‍ശന സര്‍വേയിലാണ് സ്വകാര്യ ഏജന്‍സികള്‍ മുഖേനെ കക്കൂസ് മാലിന്യങ്ങള്‍ പൊതുയിടങ്ങളില്‍ തള്ളുന്നതായുള്ള വിവരം ലഭിച്ചത്.
ഇതിന് പുറമെ ഒരു വീട്ടില്‍നിന്നും കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായും സര്‍വേയിലുണ്ട്. വീടുകളില്‍നിന്നും വലിയ ടാങ്കര്‍ ലോറികളില്‍ മാലിന്യം കയറ്റി പോവുന്ന സംഘം പിന്നീട് ചെറിയ മുച്ചക്ര വാഹനങ്ങളിലാക്കിയാണ് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതെന്നാണ് വിവരം.
സര്‍വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങള്‍ സംബന്ധിച്ച് പഠനം നടത്താനും വിഷയങ്ങളുടെ ആധികാരികത പരിശോധിക്കാനും ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയതായി അരീക്കോട് പഞ്ചായത്ത് സെക്രട്ടറി സി.കെ സുബൈര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ചാലിയാറില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഭക്ഷ്യവകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായും ഇന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി സമര്‍പ്പിക്കുമെന്നും അരീക്കോട് മേഖല ജലസുരക്ഷാ സമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."