നിയമപരമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നഗരസഭ
കൊണ്ടോട്ടി: കരാറുകാര്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൊണ്ടോട്ടി മത്സ്യമൊത്തവിതരണ മാര്‍ക്കറ്റ് പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ നടപടികള്‍ കര്‍ശനമാക്കുന്നു. നിയമപരമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നഗരസഭ തീരുമാനം. പഴയ കരാറുകാര്‍ തര്‍ക്കമുന്നയിച്ച 15 സെന്റുമായി ബന്ധപ്പെട്ട് മഞ്ചേരി മുന്‍സിഫ് കോടതിയിലുളള കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ നഗരസഭ അധികൃതര്‍ അഭിഭാഷകനുമായി ശനിയാഴ്ച കൂടികാഴ്ച നടത്തി. തര്‍ക്കസ്ഥലം വേഗത്തില്‍ അളന്ന് നടപടികള്‍ പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹരജി നല്‍കാനാണ് തീരുമാനം. റവന്യൂ അധികൃതരുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
നഗരസഭയുടെ ഉടമസ്ഥതയിലുളള സ്ഥലം പൂര്‍ണമായി അതിര്‍ത്തി കെട്ടി സംരക്ഷിക്കാന്‍ കഴിഞ്ഞ ദിവസം നഗരസഭ തീരുമാനിച്ചിരുന്നു. മാര്‍ക്കറ്റിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച റവന്യൂ, പൊലിസ് അധികൃതരുടെ യോഗം നഗരസഭ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."