ദക്ഷിണ മേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് നാളെ മുതല്‍
തിരുവനന്തപുരം: 29ാമത് ദക്ഷിണ മേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് നാളെ, 19 തിയതികളിലായി തിരുവനന്തപുരത്ത് നടക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 900 ത്തോളം താരങ്ങള്‍ മാറ്റുരക്കും.
കേരളത്തില്‍ നിന്ന് 113 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന 218 അംഗ ടീമായിരിക്കും മത്സരിക്കുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും 14 വയസിന് താഴെ, 16 വയസിന് താഴെ, 18 വയസിന് താഴെ, 20 വയസിന് താഴെ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍. ഓരോ വിഭാഗത്തിന് പ്രത്യേകമായും അതിനൊപ്പം ഓവറോള്‍ ചാംപ്യന്‍ഷിപ്പും ഉണ്ടാകും.
നാളെ രാവിലെ എട്ടരക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കായിക മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം.എല്‍.എ, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് എന്നിവര്‍ പങ്കെടുക്കും. ചൊവ്വാഴ്ച്ച വൈകിട്ട് നാലരക്ക് സമാപന സമ്മേളനം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ മുഖ്യാതിഥിയാകും. കേരള അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം അധ്യക്ഷനാകും.
സംസ്ഥാന സര്‍ക്കാരിന്റെ ഓപറേഷന്‍ ഒളിംപ്യയിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിന് ചാംപ്യന്‍ഷിപ്പ് ഉപകരിക്കുമെന്നും മത്സരാര്‍ഥികള്‍ക്കുള്ള താമസ സൗകര്യങ്ങളുള്‍പ്പടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകസ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."