കോതമംഗലത്തും മൂവാറ്റുപുഴയിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
കോതമംഗലം/ മൂവാറ്റുപുഴ: കനത്ത മഴയില്‍ കോതമംഗലത്തും മൂവാറ്റുപുഴയിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോതമംഗലം കുടമുണ്ട പാലം വെള്ളത്തിനടിയിലായതോടെ കുത്തുകുഴി അടിവാട് റോഡിലെ ഗതാഗതവും തടസപ്പെട്ടു. കൊച്ചിധനുഷ് കോടി ഹൈവേയില്‍ കവളങ്ങാടിനും നേര്യമംഗലത്തിനുമിടയില്‍ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇതോടെ തേക്കടിയിലേക്കും മൂന്നാറിലേക്കും ഉള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. തൃക്കാരിയൂര്‍ മുണ്ടുപാലം വെള്ളത്തില്‍ മുങ്ങിയതോടെ അതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.തൃക്കാരിയൂര്‍ ടൗണില്‍ പല സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.
തങ്കളം ജവഹര്‍ കോളനിയിലെ 33 വീടുകളും വെള്ളത്തിലായി. കുട്ടംമ്പുഴ, പൂയംകുട്ടി ആറുകള്‍ നിറഞ്ഞെഴുകിയതിനാല്‍ വ്യാപകമായ കൃഷിനാശമുണ്ടായിട്ടുണ്ട്. കാളിയാര്‍, കോതമംഗലം ആറ് എന്നിവയും കരകവിഞ്ഞൊഴുകി വന്‍ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്. കലക്ട്രേറ്റില്‍ നിന്നും ഡപൂട്ടി കളകടര്‍ ഷീലാദേവി കോതമംഗലതെത്തി വെള്ളപൊക്ക നാശനഷ്ടങ്ങള്‍ നേരില്‍ കണ്ടു. സ്‌കൂളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ.നിര്‍ദേശം നല്‍കി.
മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എം.സി റോഡില്‍ പേഴക്കാപ്പിള്ളി എസ് വളവ്, തൃക്കളത്തൂര്‍ താഴ്ന്ന പ്രദേശങ്ങളിലും ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്തും നെല്‍പാടങ്ങളിലും വെള്ളം കയറി.
നഗരത്തിലെ സ്റ്റേഡിയം, ഇലാഹിയ കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മൂവാറ്റുപുഴ പൊലിസ്‌സ്റ്റേഷനിലെ പിന്‍ഭാഗത്തെ മുറികളില്‍ വെള്ളം കയറിയതോടെ പൊലിസുകാര്‍ ബക്കറ്റുമായെത്തി വെള്ളം കോരികളയാന്‍ തുടങ്ങിയെങ്കിലും നിറഞ്ഞൊഴുകുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി വെള്ളം പുറത്തേക്കുവിടാന്‍ ഓവുചാല്‍ ഇട്ടെങ്കിലും വെള്ളമൊഴുകിപോകാന്‍ വഴിയില്ലാതെ കെട്ടിക്കിടക്കുകയാണ്. ഇതിനിടെ സെപ്റ്റിടാങ്ക് നിറഞ്ഞ് വെള്ളക്കെട്ടിലേക്ക് ചേര്‍ന്നതോടെ ദുര്‍ഗന്ധവും വ്യാപകമായി.
മുളവൂര്‍ തോട് കര കവിഞ്ഞ് ഒഴുകിയതോടെ തോടിന്റെ ഇരുകരകളിലേയും വീടുകളില്‍ വെള്ളം കയറി. ഏക്കറ് കണക്കിന് കൃഷികള്‍ വെള്ളത്തിനടിയിലായി. വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന മുവാറ്റുപുഴയില്‍ റവന്യൂ വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
ഇതിനിടെ മഴ ശക്തമായതോടെ മലങ്കര ഡാം ഏത് നിമിഷവും തുറന്ന് വിടുമെന്ന മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. മൂവാറ്റുപുഴയാറിന്റെയും തൊടുപുഴയാറിന്റെയും ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."