പന്നിയാര്‍ ദുരന്തത്തിന് 10 വയസ്: ജെയ്‌സണ്‍ ഇപ്പോഴും കാണാമറയത്ത്
അടിമാലി: എട്ട് മനുഷ്യജീവന്‍ പൊലിഞ്ഞതടക്കം വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമുണ്ടായ പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുരന്തത്തിനു പത്തുവയസ്.
2007 സെപ്റ്റംബര്‍ 17ന് ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം. വൈകിട്ടു നാലരയോടെ പന്നിയാര്‍ വാല്‍വ് ഹൗസില്‍ നിന്നു പവര്‍ ഹൗസിലേക്കു വെള്ളം എത്തിച്ചിരുന്ന പെന്‍സ്റ്റോക്കുകളില്‍ ഒരെണ്ണം പൊട്ടിയാണ് അപകടം ഉണ്ടായത്. പന്നിയാര്‍, ചെങ്കുളം, നേര്യമംഗലം പവര്‍ ഹൗസുകളില്‍ ജോലിനോക്കിയിരുന്ന അസി. എഞ്ചിനീയര്‍ അടക്കം എട്ടുപേരാണു മരിച്ചത്.
ഏക്കര്‍ കണക്കിനു കൃഷിയും ഒരു ഡസനിലേറെ പേരുടെ വീടുകളും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നാമാവശേഷമായി. വെള്ളക്കെട്ടില്‍ അകപ്പെട്ടു പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിശ്ചലമായി. കൊരട്ടി കരയാംപറമ്പില്‍ എ.എല്‍ ജോസ്, വെള്ളത്തൂവല്‍ പുത്തന്‍പുരയ്ക്കല്‍ റെജി, തോക്കുപാറ മാക്കല്‍ ജോബി, ശല്യാംപാറ തൊണ്ടിനേത്ത് ഷിബു, പന്നിയാകുട്ടി കാനത്തില്‍ സണ്ണി, നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോണ്‍, കുറുപ്പുംതറ സ്വദേശി ജിയോ സേവ്യര്‍, നാരകക്കാനം കൂട്ടുങ്കല്‍ ജയ്‌സണ്‍ എന്നിവരാണു മരിച്ചത്.ഇതില്‍ ജയ്‌സനെ ഇനിയും കണ്ടെത്താനായിട്ടില്ല.
നേര്യമംഗലം ജലവൈദ്യുത നിലയത്തിലെ അസി. എന്‍ജിനീയറായിരുന്ന ജോസ് സുഹൃത്തുക്കളൊപ്പം അവിചാരിതമായി പന്നിയാറിലെത്തിയപ്പോഴാണു പെന്‍സ്റ്റോക്ക് പൊട്ടി ഒഴുകുന്നതു ശ്രദ്ധയില്‍പ്പെട്ടത്. വന്‍ദുരന്തം ഒഴിവാക്കുന്നതിനായി മറ്റു ജീവനക്കാരോടൊപ്പം കര്‍മനിരതനാകുമ്പോഴാണു ജോസ് അപകടത്തില്‍ പെട്ട് മരിച്ചത്.
മൃതദേഹങ്ങള്‍ പലതും വെള്ളപ്പാച്ചിലിനൊപ്പം കല്ലാര്‍കുട്ടി ജല സംഭരണിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആഴ്ചകള്‍ നീണ്ടുനിന്ന തിരച്ചിലിലാണു പലരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
പെന്‍സ്റ്റോക്ക് തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ തകര്‍ന്ന പന്നിയാര്‍ ജലവൈദ്യുത നിലയത്തിന്റെ അറ്റുകുറ്റപ്പണികള്‍ നടത്തി രണ്ടുവര്‍ഷത്തിനു ശേഷമാണു വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."