കെട്ടിക്കിടക്കുന്ന കേസുകള്‍ നീതി നിഷേധത്തിന് തുല്യം
കേസുകള്‍ നീട്ടിവയ്ക്കാന്‍ അവധി ചോദിക്കുന്ന പ്രവണത മുതിര്‍ന്ന അഭിഭാഷകര്‍ ഉപേക്ഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞദിവസം മദ്രാസ്‌ഹൈക്കോടതിയുടെ 125ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു കൊണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് നീട്ടിവയ്ക്കുന്നതും നിയമ ലംഘനം തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.' ഒരേസമയം പല കേസുകളും കൈകാര്യം ചെയ്യേണ്ടി വരുന്ന മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ചില കേസുകളില്‍ ഹാജരാകാന്‍ കഴിയാതെ വരുമ്പോള്‍ ജൂനിയര്‍ വക്കീലന്‍മാരെ വിട്ട് കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടാറാണ് പതിവ്. കേസ് പഠിക്കാന്‍ കഴിയാതെ വരുമ്പോഴും ഇങ്ങനെ സംഭവിക്കാം.
ഇതുകാരണം ആയിരക്കണക്കിന് കേസുകളാണ് നിത്യേനയെന്നോണം രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള കോടതികളില്‍ കെട്ടിക്കിടക്കുന്നത്. പ്രാഗല്ഭ്യം തെളിയിച്ച ജൂനിയര്‍ വക്കീലന്‍മാര്‍ക്ക് കൈകാര്യം ചെയ്യാവുന്ന കേസുകള്‍ പലപ്പോഴും സീനിയര്‍ വക്കീലന്‍മാര്‍ തന്നെ ഹാജരാകണമെന്ന കക്ഷികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയും കേസുകള്‍ നീട്ടിവയ്ക്കാന്‍ കോടതികളോട് അഭ്യര്‍ഥിക്കേണ്ടി വരാറുണ്ട്.
കഴിവുള്ള ജൂനിയര്‍ വക്കീലന്‍മാര്‍ക്ക് സ്വതന്ത്രമായി കേസ് വാദിക്കാന്‍ അവസരം കൊടുക്കാതെയും കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഈ പ്രവണത ഒരു രോഗമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ അഭിഭാഷകര്‍ തൊഴില്‍പരമായി മരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തിയിരിക്കയാണ്. വൈകിയെത്തുന്ന നീതി നിഷേധത്തിന് തുല്യമാണെന്നത് പോലെ നീട്ടിവയ്ക്കപ്പെടുന്ന കേസുകള്‍ നീതി വൈകിപ്പിക്കുന്നതിനും തുല്യമാണ്. കൊളീജിയം സമ്പ്രദായത്തിന് പകരം ജഡ്ജിമാരെ നിയമിക്കുന്നതിന് ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ ഏര്‍പ്പെടുത്താനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തെ ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി വിധി പ്രസ്താവിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാരും സുപ്രിംകോടതിയും തമ്മില്‍ അകല്‍ച്ചയിലാണ്. ഈ കാരണത്താല്‍ കൊളീജിയം ശുപാര്‍ശ ചെയ്യുന്ന ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തിപ്പോരുന്നത്.
ഇതുകാരണം ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പല ജഡ്ജിമാരുടെയും ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. കേസുകള്‍ കെട്ടിക്കിടക്കാന്‍ ഇതു കാരണമാകുന്നുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടുകയാകും ഭേദമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തിയത് 2016 ഒക്ടോബറിലായിരുന്നു. എന്നിട്ടും ബി.ജെ .പി സര്‍ക്കാര്‍ വാശി വിട്ടില്ല. കൊളീജിയം കഴിഞ്ഞ വര്‍ഷം നല്‍കിയ 77 പേരുകളില്‍ 18 പേരുകള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. കൊളീജിയത്തിന്റെ ശുപാര്‍ശ അവഗണിച്ച് ബി.ജെ.പി സര്‍ക്കാര്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ജഡ്ജി നിയമന പട്ടികയില്‍നിന്നു വെട്ടിയിരുന്നു.
ശൈഖ് സൊഹറാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഭീകരവാദികളെന്ന് ആരോപിച്ച് ഗുജറാത്ത് ബി.ജെ.പി സര്‍ക്കാര്‍ വെടിവച്ചു കൊന്ന കേസില്‍ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട ഗോപാല്‍ സുബ്രഹ്മണ്യം നിഷ്പക്ഷമായി അന്വേഷണം നടത്തിയതിന്റെ പക വീട്ടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേസുകള്‍ക്ക് അവധി ചോദിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം പ്രതികാര നടപടികൂടിയാകുമ്പോള്‍ കേസുകള്‍ പിന്നെയും കോടതികളില്‍ കുമിഞ്ഞ് കൂടും. കോടിക്കണക്കിന് കേസുകളാണ് വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത്. അത്രയും ആളുകളുടെ നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് അനന്തമായി നീളുന്നത്. കേസുകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുന്ന പ്രവണതകള്‍ അവസാനിപ്പിക്കുന്നതോടൊപ്പം നീതിന്യായവ്യവസ്ഥകളില്‍ സര്‍ക്കാരുകളുടെ അന്യായമായ കൈകടത്തലുകളും അവസാനിക്കണം. നമ്മുടെ നീതിന്യായവ്യവസ്ഥ തകിടം മറിയാതിരിക്കണമെങ്കില്‍ ഇതെല്ലാം അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."