എയര്‍മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന് രാജ്യം വിടനല്‍കി
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ വ്യോമസേനയുടെ ആദ്യത്തെ മാര്‍ഷല്‍ ഓഫ് എയര്‍ഫോഴ്‌സ് അര്‍ജന്‍ സിങ്ങിന് രാജ്യം വിടനല്‍കി. പൂര്‍ണ സൈനിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് രാജ്യത്തിന്റെ അവസാന സല്യൂട്ട് നല്‍കിയത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് 98 കാരനായ എയര്‍മാര്‍ഷല്‍ അര്‍ജന്‍ സിങ് അന്തരിച്ചത്.
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയാണ് അദ്ദേഹത്തോടുള്ള ആദരവ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ചത്. അര്‍ജന്‍ സിങ്ങിന്റെ അന്ത്യയാത്രയില്‍ വ്യോമസേന ബാന്റ് സംഘം അകമ്പടി സേവിച്ചു.
ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള കന്റോണ്‍മെന്റ് വരെ ഗണ്‍ കാര്യേജിലാണ് അര്‍ജന്‍ സിങ്ങിന്റെ ഭൗതികദേഹം എത്തിച്ചത്. മൂന്നുസേനകളും സംയുക്തമായി മാര്‍ച്ച് ചെയ്തു. സുഖോയ് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടു പറന്നു. ഒടുവില്‍ സൈനിക ആചാരപ്രകാരം 17 തവണ ഗണ്‍സല്യൂട്ടുകള്‍ കൂടിനല്‍കിയാണ് രാജ്യം അദ്ദേഹത്തിന് വിടനല്‍കിയത്.
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കര, നാവിക, വ്യോമ സേനാ മേധാവികള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ കരസേനാ മേധാവി ദല്‍ബിര്‍ സിങ്, ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷ 2008ല്‍ അന്തരിച്ചപ്പോള്‍ രാജ്യം സമ്പൂര്‍ണ ബഹുമതികളോടെ അന്തിമോപചാരം നല്‍കാതിരുന്നത് സൈനികരില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിരുന്നു.
1965 ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ വ്യോമസേനയെ നയിച്ച അര്‍ജന്‍ സിങ്ങിന്റെ പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് പരിഗണിച്ചാണ് വ്യോമസേനയുടെ ഏറ്റവും ഉയര്‍ന്ന ഫൈവ് സ്റ്റാര്‍ റാങ്കായ മാര്‍ഷല്‍ ഓഫ് എയര്‍ഫോഴ്‌സ് പദവി നല്‍കിയത്. വ്യോമസേനയുടെ ചരിത്രത്തില്‍ അര്‍ജന്‍ സിങ്ങിന് മാത്രമാണ് മാര്‍ഷല്‍ ഓഫ് എയര്‍ഫോഴ്‌സ് പദവി ലഭിച്ചിട്ടുള്ളത്. കരസേനയിലെ ഫീല്‍ഡ് മാര്‍ഷല്‍ പദവിക്ക് തുല്യമായ ഇന്ത്യന്‍ വ്യോമസേനയിലെ പദവിയാണിത്. ഇന്ത്യന്‍ വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയും ഇതാണ്. വ്യോമസേനാ മേധാവിയായ എയര്‍ ചീഫ് മാര്‍ഷലിന് തൊട്ടുമുകളിലായാണ് ഈ സ്ഥാനം. എന്നാല്‍, ഔദ്യോഗികമായി സേവനത്തിലുണ്ടാകില്ല.
രണ്ടാം ലോകയുദ്ധകാലത്ത് അന്നത്തെ ഇന്ത്യന്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ പ്രവേശിച്ച അദ്ദേഹം ബര്‍മ ഫ്രോണ്ടിയറിന്റെ ഒന്നാം സ്‌ക്വാഡ്രണിന്റെ കമാന്‍ഡറായി യുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ യുദ്ധ മികവിനെ കണക്കിലെടുത്ത് ബ്രിട്ടണ്‍ ഡിസ്റ്റിങ്ക്വിഷ്ഡ് ഫ്‌ളൈയിങ് ക്രോസ് ബഹുമതി നല്‍കി ആദരിച്ചു. തുടര്‍ന്ന് ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1964ല്‍ തന്റെ 45മത്തെ വയസില്‍ വ്യോമസേനയുടെ തലവനുമായി.
പാകിസ്താനുമായുള്ള 1965ലെ യുദ്ധം നടക്കുമ്പോള്‍ വ്യോമസേനാ മേധാവിയായിരുന്നു അര്‍ജന്‍ സിങ്. വ്യോമസേനയെ സമര്‍ഥമായി ഉപയോഗിച്ചാണ് അന്നത്തെ എയര്‍ചീഫ് മാര്‍ഷല്‍ അര്‍ജന്‍ സിങ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മുന്‍കൈ നേടിക്കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."