പാക് പ്രകോപനത്തിന് ബി.എസ്.എഫിന്റെ ശക്തമായ തിരിച്ചടി
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാക് സൈന്യം നടത്തുന്ന ആക്രമണത്തിന് ബി.എസ്.എഫിന്റെ കനത്ത തിരിച്ചടി. ആക്രമണം രൂക്ഷമായതോടെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്‍ ബി.എസ്.എഫിനോട് ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ അര്‍ജുന്‍ എന്ന് പേരിട്ട് പാക് അതിര്‍ത്തിയിലെ ഗ്രാമങ്ങളേയും വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ വസതികളെയും ലക്ഷ്യമിട്ട് ബി.എസ്.എഫ് നടത്തിയ ആക്രമണം രൂക്ഷമാക്കിയതോടെ ആക്രമണം നിര്‍ത്തി ചര്‍ച്ചക്ക് ഇന്ത്യ വരണമെന്ന ആവശ്യവുമായി പാക് സൈനിക ഉദ്യോഗസ്ഥരെത്തിയത്.
പാക് സൈന്യത്തില്‍ നിന്ന് തുടര്‍ച്ചയായ ആക്രമണമാണ് ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇതിനെതുടര്‍ന്നാണ് ശക്തമായ തിരിച്ചടിയുമായി ബി.എസ്.എഫ് രംഗത്തെത്തിയത്.
പാകിസ്താന്‍ അതിര്‍ത്തിയിലെ കൃഷിത്തോട്ടങ്ങള്‍, പാക് സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍, പാക് ചാരസംഘടനയായ ഐ.എസ്.ഐ മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ താമസിക്കുന്ന വീടുകള്‍ക്കുനേരെയാണ് ബി.എസ്.എഫ് ആക്രമണം നടത്തിയത്.
ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നുവരുന്നുവെന്ന ആരോപണം നേരത്തെ ഇന്ത്യ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ മാസം മുതല്‍ തുടര്‍ച്ചയായി ഇന്ത്യന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍, സൈനിക പോസ്റ്റുകള്‍ എന്നിവയ്ക്കുനേരെ പാക് സൈന്യം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ നുഴഞ്ഞുകയറ്റവും ശക്തമായിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഓപ്പറേഷന്‍ അര്‍ജുന്‍ നടത്തിയത്.
ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടര്‍ന്ന് ആക്രമണം അവസാനിപ്പിക്കണമെന്ന് പാകിസ്താന്‍ ഉന്നത സൈനികോദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ നവീദ് ഹയാത്ത് ഖാന്‍ ബി.എസ്.എഫ് ഡയരക്ടര്‍ കെ.കെ ശര്‍മയെ രണ്ടുതവണ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
പാക് സൈന്യം നടത്തുന്ന ആക്രണം ആദ്യം നിര്‍ത്തണമെന്ന് ബി.എസ്.എഫ് ഡയരക്ടര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ആക്രമണത്തില്‍ ഏഴ് പാക് സൈനികരും 11 ഗ്രാമീണരും മരിച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."