ബന്ദിയാക്കിയവര്‍ അനുകമ്പ കാട്ടിയത് ഇന്ത്യക്കാരനായതിനാല്‍: ടോം ഉഴുന്നാലില്‍
കൊച്ചി: യമനില്‍ തന്നെ ബന്ദിയാക്കിയവര്‍ അനുകമ്പകാട്ടിയത് ഇന്ത്യക്കാരനായതിനാലെന്ന് ഫാ. ടോം ഉഴുന്നാലില്‍. മോചിതനായ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എല്ലാവരുടെയും പ്രാര്‍ഥന ദൈവം കേട്ടതിന്റെ ഫലമായാണ് താന്‍ കേടുപാടൊന്നുമില്ലാതെ തിരിച്ചെത്തിയത്. തടവിലാക്കിയവര്‍ക്കുവേണ്ടിയും പ്രാര്‍ഥിച്ചിരുന്നു. ഇപ്പോഴും പ്രാര്‍ഥിക്കുന്നു. തടവിലായിരുന്നപ്പോള്‍ അവര്‍ ദ്രോഹിച്ചിട്ടില്ല. റമദാന്‍ സമയത്തുപോലും ഭക്ഷണവും വെള്ളവും തന്നിരുന്നു. അവരില്‍ ദൈവസ്പര്‍ശം ഉണ്ടായതിനാലാകാം ഇങ്ങനെയൊക്കെ പെരുമാറിയത്. നമ്മുടെ നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള കൂടുതല്‍ ഭാരതീയര്‍ അവിടെ ജോലിചെയ്തതുകൊണ്ടാകാം അവര്‍ അനുകമ്പ കാട്ടിയത്. തന്റെ നേരെ ഒരിക്കലും തോക്കുചൂണ്ടിയിട്ടില്ല.
രാജ്യത്തിന്റെ നേതാക്കളും മറ്റുരാജ്യങ്ങളിലുള്ളവരും പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മോചനം സാധ്യമായത്. ഈശ്വരന്‍ ഇച്ഛിച്ചാല്‍ ഇനിയും യമനിലേക്ക് പോകും. ഐ.എസുകാരാണ് തന്നെ ബന്ദിയാക്കിയതെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍, അവര്‍ ഏത് ഗ്രൂപ്പില്‍പ്പെട്ടവരാണെന്ന് അറിയില്ല. അവരെ ഐ.എസ് എന്ന് റിപ്പോര്‍ട്ട് ചെയ്യരുതെന്നും ഫാ. ടോം ആവശ്യപ്പെട്ടു. എന്നെ താമസിപ്പിച്ചിരുന്ന മുറിയില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിടക്കയും തലയിണയും ബാത്ത്‌റൂം സൗകര്യവും അവര്‍ തന്നു. തലവേദനയുള്ളപ്പോള്‍ മരുന്നും തന്നു. അവിടെവച്ച് എനിക്ക് ജലദോഷമോ മറ്റ് അസുഖങ്ങളോ വന്നിട്ടില്ല.
ഇന്ത്യയോട് അവര്‍ക്ക് ബഹുമാനമുണ്ടെന്നാണ് താന്‍ മനസിലാക്കിയത്. യുദ്ധാവസ്ഥയിലും അവര്‍ എനിക്ക് സൗകര്യമൊരുക്കി. അവരിലെ ആ നന്മ വളരട്ടെ എന്നാണ് എന്റെ പ്രാര്‍ഥന. മോചിതനായി ഒമാനില്‍ എത്തുന്നതുവരെയും പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല. ടെലഫോണ്‍, ടി.വി, പത്രം തുടങ്ങിയവ ഒന്നും തന്നില്ല. തട്ടിക്കൊണ്ടുപോയവര്‍ അറബിയിലാണ് സംസാരിച്ചിരുന്നത്. 'നല്ല വാര്‍ത്ത, താങ്കളെ സ്വതന്ത്രനാക്കി കേരളത്തിലേക്ക് വിടുകയാണ്' എന്നാണ് മോചിപ്പിക്കുമ്പോള്‍ അവര്‍ പറഞ്ഞത്.
ദുഃഖവെള്ളിയാഴ്ച തന്നെ കുരിശില്‍ തറക്കുമെന്ന രീതിയില്‍ വന്ന വാര്‍ത്തയെപ്പറ്റി അറിയില്ല. മോചനത്തിനായി പണം നല്‍കിയതിനെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്റ് മേരീസ് ബസലിക്കയിലെ പ്രാര്‍ഥനാശുശ്രൂഷയിലും അദ്ദേഹം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."