പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മരണം: കുടുംബത്തെ ആട്ടിയോടിച്ച് നാട്ടുകാര്‍
കൊല്ലം: ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ കാണാറുള്ള ഊരുവിലക്ക് കേരളത്തിലും. മാതൃസഹോദരീ ഭര്‍ത്താവിന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചല്‍ ഏരൂരിലെ ഏഴുവയസുകാരിയുടെ അമ്മയെയും കുടുംബത്തിനും നാട്ടുകാരുടെ ഊരുവിലക്ക്. ഇതിനെ തുടര്‍ന്ന് കുടുംബം സ്ഥലത്തു നിന്നും താമസം മാറി. ദുര്‍ന്നടപ്പ് ആരോപിച്ച് ഇവരെ നാടുകടത്തുകയായിരുന്നു നാട്ടുകാര്‍. തിരിച്ചുവന്നാല്‍ കൊല്ലുമെന്നും കുടുംബത്തിന് ഭീഷണിയുണ്ട്.
പീഡിപ്പിച്ചുകൊന്ന മകളുടെ മൃതദേഹം കാണാന്‍പോലും അമ്മയെ അനുവദിച്ചില്ലെന്നും സംസ്‌കാരത്തിന് തടസ്സം നിന്നുവെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം അഞ്ചല്‍ പൊലീസില്‍ അറിയിച്ചെങ്കിലും സംരക്ഷണം നല്‍കുന്നതിന് പകരം ഈ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റാനാണ് പൊലിസ് ശ്രമിച്ചതെന്നും പരാതിയുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ട്യൂഷന്‍ ക്ലാസില്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. കുളത്തൂപുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ സഹോദരി ഭര്‍ത്താവ് രാജേഷിനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. രാജേഷിനൊപ്പമായിരുന്നു കുട്ടി ക്ലാസില്‍ പോയത്. ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സംഭവത്തിനു ശേഷം വീട്ടുകാര്‍ക്കെതിരെ തിരിയുകയായിരുന്നു നാട്ടുകാര്‍. കുഞ്ഞിന്റെ അമ്മയെ ദുര്‍ന്നടപ്പുകാരിയെന്ന് ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാനൊരുങ്ങുകയും ഒരുകൂട്ടര്‍ ശ്രമിച്ചു. ഇവരെ കുഞ്ഞിന്റെ മൃതദേഹം കാണുന്നതില്‍ നിന്നുപോലും വിലക്കിയെന്നും അവിടെ സംസ്‌കരിക്കുന്നത് തടയുകയും ചെയ്തിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തുകയും ഇവരെ ഓടിക്കുകയുമായിരുന്നു. മൃതദേഹം സ്വന്തം സ്ഥലത്ത് സംസ്‌കരിക്കാനും അനുവദിച്ചില്ല. പൊലിസ് നോക്കിനില്‍ക്കെയാണ് ഒരുവിഭാഗം നാട്ടുകാര്‍ അതിക്രമം കാട്ടിയത്.
കടുത്ത അസഭ്യവര്‍ഷം നടത്തിയാണ് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ അമ്മയുടേയും ബന്ധുക്കളുടേയും നേരെ തിരിഞ്ഞത്. ഇവര്‍ പരാതി നല്‍കിയിട്ടും പൊലിസ് അവര്‍ക്ക് സംരക്ഷണം നല്‍കാതെ ബന്ധുവീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഒരു ഓട്ടോയിലാണ് പൊലിസ് അമ്മയെയും ബന്ധുക്കളെയും മറ്റ് ബന്ധുവീട്ടിലേക്ക് കൊണ്ടുപോയത്. ഓട്ടോയിലേക്ക് കയറാന്‍ പോകുമ്പോഴും നാട്ടുകാര്‍ മാതാവിനെയും മുത്തച്ഛനെയും ആക്രമിച്ചു. വീട്ടില്‍ അനാശാസ്യപ്രവത്തനം നടത്തുകയായിരുന്ന വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പറഞ്ഞായിരുന്നു ആക്രമണം.
അതേസമയം, നാട്ടുകാരുടെ വലിയ എതിര്‍പ്പിനെ തുടര്‍ന്നാണ് അടുത്ത ജില്ലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് കുടുംബത്തെ മാറ്റിയതെന്നാണ് പൊലിസ് പറയുന്നത്. സെപ്റ്റംബര്‍ 27 നാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കുളത്തുര്‍പ്പുഴയില്‍ കൊണ്ടുപോയത്. കുട്ടി കൊല്ലപ്പെട്ട അന്നു തന്നെ കുടുംബത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ മൃതദേഹം സംസ്‌ക്കരിക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ മാറി പാണയം കച്ചിട്ടയിലെ കുട്ടിയുടെ പിതാവിന്റെ വീട്ടിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. കുടുംബത്തെ സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."