ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ നിലവില്‍വന്നു; കെ.എസ്.ഇ.ബിക്ക് നേട്ടം
തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഭാഗികമായ പരിഹാരമേകി ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ (പവര്‍ പര്‍ച്ചെയ്‌സ് എഗ്രിമെന്റ്) നിലവില്‍ വന്നു. ഡി.ബി.എഫ്.ഒ.ഒ (ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍ ആന്റ് ഓപ്പറേറ്റ്) പദ്ധതി പ്രകാരമാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന 25 വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം 465 മെഗാവാട്ട് വരെ വൈദ്യുതി യൂനിറ്റിന് 4.25 രൂപാ നിരക്കില്‍ ലഭ്യമാകും. പദ്ധതിപ്രകാരം 225 മെഗാവാട്ട് വൈദ്യുതി കഴിഞ്ഞദിവസം കേരളം വാങ്ങിക്കഴിഞ്ഞു. ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇന്നോ നാളെയോ മാത്രമേ കെ.എസ്.ഇ.ബി ഔദ്യോഗികമായി പുറത്തുവിടൂ.
കെ.എസ്.ഇ.ബി യെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല കരാറാണ് എപ്പോഴും ലാഭകരം. ദീര്‍ഘകാല കരാറിലേര്‍പ്പെടുമ്പോള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകും എന്നതാണ് പ്രത്യേകത. കഴിഞ്ഞ മാസം പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് പീക്ക് ടൈമില്‍ യൂനിറ്റിന് 9.90 രൂപ നിരക്കില്‍ വരെ വൈദ്യുതി വാങ്ങേണ്ടി വന്നിരുന്നു. ദീര്‍ഘകാല കരാറിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉടക്കുവച്ചത് മൂലം നീണ്ടുപോകുകയായിരുന്നു. റിലയന്‍സ് എനര്‍ജി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.ഇ.എസ് കേരള പവര്‍ ലിമിറ്റഡില്‍നിന്ന് കെ.എസ്.ഇ.ബിയെക്കൊണ്ട് വൈദ്യുതി വാങ്ങിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റഗുലേറ്ററി കമ്മിഷന്റെ ഉടക്കെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കൊച്ചി ഉദ്യോഗ്മണ്ഡലിലെ ബി.എസ്.ഇ.എസില്‍ നിന്ന് കെ.എസ്.ഇ.ബി നേരത്തെ വൈദ്യുതി വാങ്ങിയിരുന്നതാണ്. എന്നാല്‍, ഇവര്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതോടെ ബോര്‍ഡ് കരാറില്‍നിന്ന് പിന്‍മാറുകയായിരുന്നു. യൂനിറ്റിന് 8.50 മുതല്‍ 12 രൂപ വരെയാണ് ബി.എസ്.ഇ.എസ് വൈദ്യുതിയുടെ യൂനിറ്റ് വില. 165 മെഗാവാട്ട് ശേഷിയുള്ള ബി.എസ്.ഇ.എസ് പവര്‍ പ്ലാന്റിന്റെ 86.32 ശതമാനം ഓഹരി റിലയന്‍സിനാണ്. 13.68 ശതമാനം കെ.എസ്.ഐ.ഡി.സി എന്ന പൊതുമേഖലാ സ്ഥാപനത്തിനുമുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 35 ശതമാനം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷിമാത്രമാണ് നിലവില്‍ കെ.എസ്.ഇ.ബിക്കുള്ളത്.
അപ്രതീക്ഷിതമായി കാലവര്‍ഷം നീണ്ടുനിന്നത് ഇക്കുറി വൈദ്യുതി മേഖലയ്ക്ക് ഏറെ ഗുണകരമായി. 4140 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് കെ.എസ്.ഇ.ബി അണക്കെട്ടുകളുടെ മൊത്തം സംഭരണ ശേഷി.
ഇന്നലത്തെ കണക്കനുസരിച്ച് 2760.09 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണികളിലുണ്ട്. ഇത് ശേഷിയുടെ 67 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 525.216 ദശലക്ഷം യൂനിറ്റ് അധികമാണിത്. ഇക്കുറി തുലാമഴ കൂടുതല്‍ ലഭിച്ചാല്‍ അണക്കെട്ടുകള്‍ 80 ശതമാനം നിറയുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."