വാതക പൈപ്പ്‌ലൈന്‍ പദ്ധതി അടുത്തവര്‍ഷം കമ്മിഷന്‍ ചെയ്യും
തൃശൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ രണ്ടാംഘട്ടം 2018 ഡിസംബറോടെ കമ്മിഷന്‍ ചെയ്യുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ ഡോ. അശുതോഷ് കര്‍ണാടക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി-കൂറ്റനാട്-മംഗലാപുരം പൈപ്പ്‌ലൈന്‍ പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ തടസ്സങ്ങളൊന്നുമില്ല. പരിസ്ഥിതി അനുകൂല വ്യാവസായിക വികസനത്തിന് ഏറെ സഹായകമായ പദ്ധതിയാണിത്. പ്രാഥമിക ഘട്ടത്തിലുണ്ടായ തടസങ്ങള്‍ ഒഴിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കിവരുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. ഇതില്‍ തൃശൂര്‍ ജില്ലയിലെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി.
സംസ്ഥാനത്ത് 438 കിലോമീറ്റര്‍ നീളംവരുന്ന പൈപ്പ്‌ലൈനിന്റെ 71 കിലോമീറ്ററാണ് ഇതുവരെ പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ വഴി ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള 41 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ 2013ല്‍ കമ്മിഷന്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നാഷനല്‍ ഗ്യാസ് ഗ്രിഡിന്റെ ഭാഗമായ പദ്ധതി കേരളം (503 കിലോമീറ്റര്‍), കര്‍ണാടക (60 കിലോമീറ്റര്‍), തമിഴ്‌നാട് (311 കിലോമീറ്റര്‍) എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 4260 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്. ഇതില്‍ 3,263 കോടി അനുവദിച്ചുകഴിഞ്ഞു. അപകടകരമല്ലാത്ത ശുദ്ധമായ ഗ്യാസ് വിതരണമാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ലഭ്യമാകുന്ന ഇന്ധനം എല്‍.പി.ജിയെക്കാള്‍ ലാഭകരമായിരിക്കും. 20 മുതല്‍ 30 വരെ ശതമാനം വില കുറയും. സിറ്റി ഗ്യാസ് സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എത്തിക്കാനും സാധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളോ വിവാദങ്ങളോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ ടോണി മാത്യു, പി. മുരുകേശന്‍, കെ.പി രമേഷ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജ്യോതികുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."