മിന്നിത്തിളങ്ങി കൊച്ചിയിലെ മൈതാനങ്ങള്‍; സംതൃപ്തരായി ഫിഫ
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളും അവസാനവട്ട മിനുക്ക് പണിയില്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പുല്ലുകള്‍ ചെത്തിമിനുക്കി മത്സരങ്ങള്‍ക്കായി പാകപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്.
നേരത്തെ മൈതാനത്ത് ഉണ്ടായിരുന്ന പുല്ല് നീക്കം ചെയ്ത് ഫിഫയുടെ മേല്‍നോട്ടത്തില്‍ പുതിയ പ്രതലമാണ് കളികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഫിഫയുടെ വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് മൈതാനത്തിന്റെ നിയന്ത്രണവും പരിപാലനവും നടക്കുന്നത്. ഫിഫ ജനറല്‍ കോര്‍ഡിനേറ്റര്‍ മാക്ലിം റാംപോവിന്റെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘം ഇന്നലെ കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. മൈതാനം വിശദമായി പരിശോധിച്ച സംഘം പൂര്‍ണ തൃപ്തിയാണ് രേഖപ്പെടുത്തിയത്. ഫിഫ സംഘം ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
ഏഴിന് വൈകിട്ട് അഞ്ചിന് ബ്രസീലും സ്പെയിനും തമ്മിലാണ് കൊച്ചിയിലെ ആദ്യ പോരാട്ടം. ഇതിന് മുന്‍പ് മൈതാനം പൂര്‍ണ സജ്ജമാക്കുമെന്ന് ഫിഫ സംഘം അറിയിച്ചു. കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന രണ്ട് നിലകളിലെ ഗാലറികളില്‍ ഫാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി കഴിഞ്ഞു. 41,750 കാണികള്‍ക്ക് ഒരേ സമയം നേരിട്ട് കളി കാണാന്‍ സൗകര്യമുണ്ട്. അഗ്നിശമന സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും മറ്റ് സുരക്ഷാ സംവിധാനങ്ങളും പൂര്‍ണമായും തയ്യറായി. കളിക്കാര്‍ക്കും ടീം ഒഫിഷ്യല്‍സിനുമുള്ള സ്റ്റേഡിയത്തിലെ വിശ്രമ മുറികളുടെ നിര്‍മാണവും നേരത്തെ പൂര്‍ത്തിയായിരുന്നു.
ടീമുകള്‍ക്കായി ഒരുക്കിയിട്ടുള്ള പരിശീലന മൈതാനങ്ങളില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പരിശോധന നടത്തി. കൊച്ചിയില്‍ പന്ത് തട്ടുന്ന ടീമുകള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൈതാനങ്ങളിലേക്കുള്ള റോഡുകളുടെ ഗുണനിലവാരവും കലക്ടര്‍ നേരിട്ടെത്തി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."