ആരവങ്ങളിലേക്ക് കൗമാര നക്ഷത്രങ്ങള്‍ എത്തിത്തുടങ്ങി
കൊച്ചി: കൗമാര വിശ്വപോരിനായി ഒരുങ്ങിയ തീര നഗരത്തിന്റെ ആവേശ പരപ്പിലേക്ക് കൗമാര ലോകത്തെ നക്ഷത്ര താരങ്ങള്‍ പറന്നിറങ്ങും. ബ്രസീലും സ്‌പെയിനും നൈജറും ഉത്തര കൊറിയയുമാണ് കാല്‍പന്തുകളിയുടെ ആരവങ്ങള്‍ സമ്മാനിക്കാന്‍ കൊച്ചിയില്‍ വിമാനമിറങ്ങുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് പന്തുരുളാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് താരങ്ങള്‍ ഇന്ത്യയിലേക്കെത്തി തുടങ്ങിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തുന്ന ടീമുകളെ വരവേല്‍ക്കാന്‍ പ്രത്യേക സംവിധാനം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ബ്രസീല്‍ ടീം നേരത്തെ തന്നെ ഇന്ത്യയിലെത്തി പരിശീലനം തുടങ്ങി കഴിഞ്ഞു. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളും ഇന്ത്യയിലെത്തി പരിശീലന മത്സരങ്ങള്‍ കളിച്ചു. അമേരിക്കയുടെ കൗമാര സംഘം ഇന്നലെ ഡല്‍ഹിയില്‍ വിമാനമിറങ്ങി.
സ്‌പെയിന്‍ ഇന്ന് പുലര്‍ച്ചെ തന്നെ കൊച്ചിയിലെത്തി. മുംബൈയില്‍ പരിശീലന മത്സരങ്ങള്‍ കളിച്ച ആവേശവുമായി ഉച്ചയ്ക്ക് 1.20 ന് ബ്രസീല്‍ ടീം എത്തും. തൊട്ടു പിന്നാലെ 1.40 ന് ഉത്തര കൊറിയയും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങും. കൊച്ചിയില്‍ പന്ത് തട്ടുന്ന നാലാമത്തെ ടീമായ നൈജര്‍ 3.30ന് നെടുമ്പാശ്ശേരിയില്‍ എത്തും. അബൂദബിയില്‍ നിന്നാണ് സ്‌പെയിന്‍ നേരിട്ട് കൊച്ചിയില്‍ എത്തുന്നത്. ഉത്തര കൊറിയയും നേരിട്ട് കൊച്ചിയില്‍ വിമാനമിറങ്ങും. സ്‌പെയിനും ബ്രസീലും ഇന്ന് വൈകിട്ട് പരിശീലനത്തിന് ഇറങ്ങുമെന്നാണ് വിവരം. ബ്രസീലും മറ്റ് ടീമുകള്‍ പരിശീലനത്തിന് ഇറങ്ങുന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഫോര്‍ട്ട് കൊച്ചി സ്റ്റേഡിയത്തിലാകും പരിശീലനം.
വിമാനത്താവളത്തില്‍ ടീമുകളെ സ്വീകരിക്കാനും സുരക്ഷാ കസ്റ്റംസ് നടപടിക്രമങ്ങള്‍ ഉള്‍പ്പടെ വേഗത്തിലാക്കാനും അഡീഷനല്‍ കമ്മിഷണര്‍ എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും കറന്‍സികള്‍ മാറ്റി നല്‍കുന്നതിന് വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകളുടെ പ്രവര്‍ത്തനവും തുടങ്ങി. ബാഗേജുകളുടെ സംരക്ഷണത്തിനും സാധനങ്ങള്‍ നഷ്ടമാകാതെ സൂക്ഷിക്കാനും പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. നികുതിയില്ലാതെ കളി ഉപകരണങ്ങള്‍ കൊണ്ടു വരാനും തിരികെ കൊണ്ടു പോകാനും കാര്‍ഗോയിലും പ്രത്യേക സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനവും ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ചു. വിമാനമിറങ്ങുന്ന താരങ്ങളെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും സഹായിക്കാന്‍ പ്രത്യേക പരീശീലനം നല്‍കി വളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷാ സംവിധാനത്തിന്റെ അകമ്പടിയിലാണ് കൊച്ചി നഗരത്തില്‍ താമസം ഒരുക്കിയിട്ടുള്ള ഹോട്ടലുകളിലേക്ക് ടീമുകളെ എത്തിക്കുക. ഹോട്ടലുകള്‍ക്ക് സുരക്ഷാ സേന സംരക്ഷണം നല്‍കും.
അണ്ടര്‍ 17 ലോകകപ്പിന്റെ ഡി ഗ്രൂപ്പ് മത്സരങ്ങളാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്നത്. കൂടാതെ സി ഗ്രൂപ്പിലെ ഒരു മത്സരവും പ്രീ ക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടര്‍ പോരാട്ടവും കൊച്ചിയില്‍ നടക്കും. ഇതിനിടെ കൊച്ചിയില്‍ ബോക്‌സ് ഓഫിസ് ടിക്കറ്റ് വില്‍പനക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 13 ന് നടക്കുന്ന ഡി ഗ്രൂപ്പിലെ സ്‌പെയിന്‍, ഉത്തര കൊറിയ മത്സരത്തിന്റെയും സി ഗ്രൂപ്പിലെ ഗ്വിനിയ, ജര്‍മനി പോരാട്ടത്തിന്റെയും 18ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിന്റെയും ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍പ്പനക്കുള്ളത്.
അക്കപ്പോരിന്റെ 16 അധ്യായങ്ങള്‍
- ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഫിഫ ടൂര്‍ണമെന്റ്. ആദ്യ പോരാട്ടം അരങ്ങേറിയത് 1985ല്‍ ചൈനയില്‍. നൈജീരിയ ആദ്യ ചാംപ്യന്‍മാര്‍.
- ഇത്തവണ മൂന്ന് രാജ്യങ്ങളാണ് നടാടെ ലോകകപ്പ് കളിക്കുന്നത്. ആതിഥേയരായ ഇന്ത്യ, നൈജര്‍, ന്യൂ കാലിഡോണിയ. ആദ്യ ലോകകപ്പില്‍ തന്നെ കിരീടം നേടിയത് രണ്ട് ടീമുകള്‍ മാത്രം. സോവിയറ്റ് യൂനിയന്‍ (1987), സ്വിറ്റ്‌സര്‍ലന്‍ഡ് (2009).
- 16 ഫൈനലുകള്‍ അരങ്ങേറിയതില്‍ നാല് കലാശപ്പോരാട്ടങ്ങളില്‍ വിജയിയെ നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ. നാല് ചാംപ്യന്‍മാരും നാല് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലുള്ളവരുമായിരുന്നു. സോവിയറ്റ് യൂനിയന്‍ (1987- യൂറോപ്പ്), സഊദി അറേബ്യ (1989- ഏഷ്യ), ബ്രസീല്‍ (1999- ലാറ്റിനമേരിക്ക), നൈജീരിയ (2007- ആഫ്രിക്ക).
- 2015ല്‍ അവസാനമായി നടന്ന പോരാട്ടത്തില്‍ നൈജീരിയ കിരീടം നേടി. അഞ്ചാം കിരീട നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് നേട്ടമെന്ന റെക്കോര്‍ഡ് അവര്‍ക്ക് സ്വന്തമായി.
- ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം നൈജീരിയയുടെ വിക്ടര്‍ ഒസിമെന്‍. 2015ല്‍ പത്ത് ഗോളുകളാണ് താരം നേടിയത്.
- അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ കളിച്ച് പിന്നീട് സീനിയര്‍ തലത്തില്‍ ലോകകപ്പ് നേടിയത് 12 താരങ്ങളാണ്. ജര്‍മനിയുടെ ടോണി ക്രൂസ്, മരിയോ ഗോട്‌സെ, ഫ്രാന്‍സിന്റെ ഇമാനുവല്‍ പെറ്റിറ്റ്, ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോ, ഇറ്റാലിയന്‍ താരങ്ങളായ ബുഫണ്‍, ഡെല്‍ പീറോ, ടോട്ടി, സ്പാനിഷ് താരങ്ങളായ കാസിയസ്, ഫാബ്രിഗസ്, ഇനിയെസ്റ്റ, സാവി, ഫെര്‍ണാണ്ടോ ടോറസ്.
- അണ്ടര്‍ 17 ലോകകപ്പിന്റെ ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് 2013ല്‍. അന്ന് താരങ്ങളെല്ലാം ചേര്‍ന്ന് 52 മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 172 ഗോളുകള്‍. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം ബ്രസീലാണ്. ഇതുവരെയുള്ള ലോകകപ്പുകളില്‍ നിന്ന് അവര്‍ വലയിലാക്കിയത് 166 ഗോളുകള്‍.
- ലോകകപ്പിന്റെ 16 അധ്യായങ്ങളിലായി കളിച്ചത് 612 മത്സരങ്ങള്‍. ഏറ്റവും കൂടുതല്‍ മത്സരം കളിച്ചത് ബ്രസീല്‍. 75 മത്സരങ്ങള്‍. നൈജീരിയ (63), അര്‍ജന്റീന (61) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും കൂടുതല്‍ വിജയങ്ങളും ബ്രസീലിന് 47. നൈജീരിയ 46 വിജയങ്ങളുമായി രണ്ടാമത്.
- 16 അധ്യായങ്ങളിലായി ആകെ പിറന്ന ഗോളുകളുടെ എണ്ണം 1,859. ന്യൂസിലന്‍ഡിന്റെ ഹണ്ടര്‍ ആഷ്‌വര്‍ത്താണ് 1,800ാം ഗോള്‍ വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."