സംരക്ഷണാവകാശം പിതാവിന് മാത്രമല്ല; ഹാദിയക്ക് സ്വയം തീരുമാനമെടുക്കാം: സുപ്രിം കോടതി
ന്യൂഡല്‍ഹി: 24 വയസ്സായ പെണ്‍കുട്ടിക്ക് സ്വയം തെരഞ്ഞെടുപ്പിന് അവകാശമുണ്ടെന്ന് സുപ്രിം കോടതി. ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ല. തന്നെ ആര് സംരക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഹാദിയക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും കോടതിപറഞ്ഞു. സംരക്ഷണച്ചുമതല ആര്‍ക്കു നല്‍കണമെന്ന് കോടതി തീരുമാനിക്കും. ആവശ്യമെങ്കില്‍ വീട്ടില്‍നിന്നു മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റുമെന്നും കോടതി പറഞ്ഞു. എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടൊ എന്ന് പരിശോധിക്കും. ആവശ്യമെങ്കില്‍ ഹാദിയക്ക് സംരക്ഷകനെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി. വൈകാരികമായല്ല , നിയമപരമായി മാത്രമാണ് കേസിനെ സമീപിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിനിടെ, സംസഥാന വനിതാ കമ്മീഷന് കേസില്‍ കക്ഷി ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ച മുന്‍ ഉത്തരവ് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന് ജെഹാന് നല്കിയ പുതിയ ഹരജിയാണ് ഇന്ന് കോടതി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയുത്തരവിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നും ഹരജിയില്‍ പറയുന്നു.
വിഷയത്തില്‍ അടിന്തരമായി ഇടപെടണമെന്നും ഹാദിയയെ വിളിച്ച് വരുത്തി അവരുടെ വാദം കോടതി നേരിട്ട് കേള്‍ക്കണമെന്നും ഹരജിക്കാരന് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."