റാലികളും റോഡ് ഷോകളുമായി മുന്നണികള്‍; ഇനി ഒരാഴ്ച
മലപ്പുറം: വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണത്തിന്റെ ശൈലി മാറ്റി മുന്നണികള്‍. റാലികളും റോഡ്‌ഷോകളുമായി മണ്ഡലത്തിലെ പ്രധാനടൗണുകളും തെരുവുകളും കീഴടക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്റെ പ്രചാരണാര്‍ഥം യു.ഡി.വൈ.എഫ് സംസ്ഥാനനേതാക്കള്‍ അണിനിരന്ന യുവജനറാലി മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വേങ്ങരയില്‍ നടന്നു.
കുറ്റാളൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, യു.എ ലത്തീഫ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍ തുടങ്ങിയനേതാക്കള്‍ സംബന്ധിച്ചു.
യുവ എം.എല്‍.എമാരായ അനില്‍ അക്കര, വി.പി സജീന്ദ്രന്‍, റോജി എം ജോണ്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍ മഹേഷ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, റിയാസ് മുക്കോളി, ഷരീഫ് കുറ്റൂര്‍, ടി.പി അഷ്‌റഫലി, നാസര്‍ പറപ്പൂര്‍, ടി അബ്ദുല്‍ ഹഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലി കച്ചേരിപ്പടിയില്‍ സമാപിച്ചു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മണ്ഡലത്തിന്റെ മുന്‍ എം.എല്‍.എ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള റോഡ്‌ഷോ ഇന്ന് ആരംഭിക്കും. കണ്ണമംഗലം പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും അദ്ദേഹം പര്യടനം നടത്തും.
എല്‍.ഡി.എഫിന്റെ പഞ്ചായത്ത്തല റാലികളും ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് നാലിന് പൂളാപ്പീസില്‍ നിന്നാണ് റാലി തുടങ്ങുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റാലിയുടെ സമാപനത്തില്‍ സംസാരിക്കും.
പറപ്പൂര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, എ.ആര്‍ നഗര്‍ പഞ്ചായത്തുതല റാലികള്‍ ആറിന് നടക്കും. പറപ്പൂര്‍ പഞ്ചായത്ത് റാലി ആറിന് വൈകിട്ട് 5.30ന് പാലാണിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ ജനചന്ദ്രന്‍ മാസ്റ്ററുടെ റോഡ്‌ഷോയും ഇന്ന് ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."