ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 45 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജനറല്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കാത്ത്ലാബ്, ഡയാലിസിസ് തുടങ്ങിയ യൂനിറ്റുകളുടെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കുമാണ് തുക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വയനാട് ജില്ലാ ആശുപത്രിയുടെയും ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ആശുപത്രിയുടെയും വികസനത്തിനായി 12 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. രണ്ട് ആശുപത്രികളുടെയും കാര്‍ഡിയാക് കെയര്‍ യൂനിറ്റ് വിപുലീകരിക്കുന്നതിന് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് തുക വിനിയോഗിക്കുക.
കൂടാതെ സംസ്ഥാനത്തെ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയായ ആരോഗ്യ കിരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."