റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി മുസ്ലിം ലീഗിന്റെ ഹെല്പ് ഡെസ്ക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പലഭാഗങ്ങളിലായി എത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി ഡല്‍ഹിയില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഹെല്പ് ഡസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഖുറം അനീസ് ഉമര്‍ ചെയര്‍മാനും മുഹമ്മദ് ഹലീം ജനറല്‍ കണ്‍വീനറുമായുള്ള ഹെല്പ് ഡസ്കില്‍ സലീല്‍ ചെമ്പയില്‍, ലത്തീഫ് രാമനാട്ടുകര എന്നിവരും അംഗങ്ങളാണ്. യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. സി.പി. ബാവ ഹാജി, സി.പി. കുഞ്ഞാന് കുണ്ടോട്ടി എന്നിവരും പങ്കെടുത്തു.
റോഹിംഗ്യന്‍ ക്യാംപുകളിലെ ദുരിതം സംബന്ധിച്ച വാര്‍ത്തകള്‍ അറിഞ്ഞ് പലരും സഹായവാഗ്ദാനം നല്കി രംഗത്തുവന്ന സാഹചര്യത്തിലാണ് ഹെല്പ് ഡെസ്ക് തുടങ്ങിയത്.
ഇന്ത്യയിലെ ക്യാംപുകളില്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിവിധ പ്രശ്നങ്ങളുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അവയില്‍ പ്രധാനമായത് വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും അതിനുള്ള അധ്യാപകന്മാര്ക്ക് ചെറിയ തോതിലുള്ള ശമ്പളം നല്കുകയെന്നുള്ളതുമാണ്. ഇത്തരം അനൗപചാരിക വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികള്‍ക്ക് പഠന സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ച ഹരിയാനയിലെ മെവാത് ക്യാമ്പില്‍ കുടിക്കാനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള വെള്ളം വിലകൊടുത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ ടാങ്കറുകളില്‍ കൊണ്ട് വരികയാണ് ചെയ്യുന്നത്. ഇത് പോലുള്ള പ്രശ്നങ്ങള്‍ പല ക്യാമ്പുകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
9013942670 (ഖുറം അനീസ് ഉമര്‍), 9953972223 (മുഹമ്മദ് ഹലീം), 9899199365 (സലീല്‍), 9013180206, 9446341111 (ലതീഫ്) എന്നിവയാണ് ഹെല്‍പ്ഡെസ്ക് നമ്പറുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."