ഉഴവൂരിന്റെ മരണം: സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ
തിരുവനന്തപുരം: എന്‍.സി.പി. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ.
വധഭീഷണിയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി മയൂരിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.
ഫോണില്‍ കൂടി സുള്‍ഫിക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയെന്നും ഇത് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയിരുന്നതായി അന്ന് തന്നെ ആരോപണമുണ്ടായിരുന്നു.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് സുള്‍ഫിക്കര്‍ മയൂരി. ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് എന്‍.സി.പിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തോമസ് ചാണ്ടി മന്ത്രിയായതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇതിനിടെയാണ് ഉഴവൂര്‍ വിജയനെയും കുടുംബത്തെയും സുള്‍ഫിക്കര്‍ മയൂരി ഫോണിലൂടെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉഴവൂര്‍ വിജയന്റെ മരണത്തിന് കാരണമായ ഫോണ്‍വിളി എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ഇത് പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിലെ ശബ്ദം സുള്‍ഫിക്കര്‍ മയൂരിയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."