ഫ്രാന്‍സിലും അമേരിക്കയിലും നിരവധി പേര്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നു: മന്ത്രി സുധാകരന്‍
കോഴിക്കോട്: തെറ്റായ സിദ്ധാന്തങ്ങളുടെയും വളച്ചൊടിക്കപ്പെട്ട വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് മുസ്‌ലിം വിരുദ്ധത പ്രചരിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. മുസ്‌ലിംകള്‍ക്കെതിരായ കേന്ദ്രീകരണം ചരിത്രപരമായി ശരിയല്ല. മുസ്‌ലിംകള്‍ക്കെതിരായ നീക്കം തുടങ്ങിയത് യൂറോപ്യന്‍മാരാണ്. അമേരിക്ക ഇന്നും അത് തുടരുകയാണ്. ഇന്ത്യയില്‍ ബി.ജെ.പിയും ആര്‍.എസ്.എസുമാണ് അതിന് നേതൃത്വം നല്‍കുന്നത്. 2070 ആവുമ്പോള്‍ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള മതമായി ഇസ്‌ലാം മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ഫ്രാന്‍സില്‍നിന്നും അമേരിക്കയില്‍നിന്നും ഒരുപാടു പേര്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഇസ്‌ലാം മതത്തില്‍ ആന്തരികമായ ഒരു ചൈതന്യമുണ്ടെന്ന് തോന്നലുണ്ട്. അങ്ങനെയൊരു തോന്നല്‍ തനിക്കുമുണ്ട്. വളരെ പൊട്ടന്‍ഷ്യലായ മതമാണതെന്നും ജി. സുധാകരന്‍ ജനം ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹിന്ദുമത വിശ്വാസികളില്‍ പലരും ആ മതം ഉപേക്ഷിക്കാന്‍ കാരണം മുസ്‌ലിംകളല്ല. ഹിന്ദുമതത്തിലെ മതാന്ധതയും വര്‍ഗീയവാദവുമാണ് കാരണം. ചാതുര്‍വര്‍ണ്യവും ബ്രാഹ്മണ മേധാവിത്വവുമാണ് ഹിന്ദുമതത്തെ ദുര്‍ബലമാക്കിയത്. 85 ശതമാനം വരുന്ന ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കും ആ മതത്തില്‍ ഒരുകാലത്ത് യാതൊരു സ്ഥാനവുമില്ലായിരുന്നു. ബുദ്ധമതം എങ്ങനെയാണുണ്ടായത് ?, ഹിന്ദു മതത്തില്‍ നിന്നല്ലേയെന്നും അല്ലാതെ മുസ്‌ലിംകള്‍ പ്രേരിപ്പിച്ചിട്ടാണൊയെന്നും മന്ത്രി ചോദിച്ചു. സിക്ക് മതമുണ്ടായത് ഹിന്ദു മതത്തില്‍നിന്നുതന്നെയല്ലേ എന്ന ചോദ്യവും മന്ത്രി ഉന്നയിച്ചു. ആര്‍ക്കും ഏത് മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അത് പ്രേരണയുടെ ഭാഗമോ മറ്റൊരു മതത്തെ വെറുത്തുകൊണ്ടോ ആവാന്‍ പാടില്ല. സ്വാഭാവികമായിട്ടാവാം. മതപരിവര്‍ത്തനം നിര്‍ബന്ധിതമാകുമ്പോഴാണ് ഭരണഘടനാപരമായി കുറ്റമാവുക. കേരളത്തില്‍ അത്തരമൊരു ഭയപ്പാടിന്റെ കാര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."