സോളാര്‍ കേസ് വിജിലന്‍സ് അന്വേഷിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനം.
കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും ഉത്തരവാദികളാണെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ കൂട്ടുനിന്നു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ ചാണ്ടിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. അന്നത്തെ ആഭ്യന്തര- വിജിലന്‍സ് വകുപ്പ് മന്ത്രി തിരുനഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലിസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നു പിണറായി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും പി.എയും ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സരിതയെ സഹായിച്ചു. അഴിമതിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നു എന്നതാണ് പ്രധാന ആരോപണം. ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ സരിതയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനും തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ശുപാര്‍ശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശങ്ങളിലാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഇവ നിയമസഭയില്‍ സമര്‍പ്പിക്കും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ നടപടി. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവ വ്യക്തമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവഞ്ചൂരിനെതിരേ ക്രിമിനല്‍ കേസ് എടുക്കും.
ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും പുറമേ സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ട യുഡിഎഫ് നേതാക്കളായ അടൂര്‍ പ്രകാശ്, കെ.സി. വേണുഗോപാല്‍ എംപി, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരേ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ സഹായികളായിരുന്ന ജോപ്പന്‍, ജിക്കുമോന്‍, സലിം രാജ് . കുരുവിള എന്നിവക്കെതിരെയും കേസെടുക്കും.
ടീം സോളാറിന് ഉപഭോക്താക്കളെ പറ്റിക്കാന്‍ സഹായമാകുന്ന നിലപാടെടുത്തു എന്ന ആരോപണത്തില്‍ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെ കേസെടുക്കും.
കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സരിതയെ സ്വധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുള്ള മുന്‍ എംഎല്‍എമാരായ തമ്പാന്നൂര്‍ രവി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും. ഐ.ജി കെ പത്മകുമാര്‍ , ഡിവൈഎസ്പി ഹരികൃഷ്ണന്‍, പൊലിസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി.ആര്‍ അജിത്ത് എന്നിവര്‍ക്കെതിരേയും അന്വേഷണം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."