മുംബൈ നടപ്പാത ദുരന്തം: മഴയും നുണപ്രചാരണവും തീവ്രത കൂട്ടിയെന്ന് റെയില്‍വേ
മുംബൈ: മുംബൈയില്‍ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ നടപ്പാതയില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മഴയെയും നുണപ്രചാരങ്ങളെയും പഴിചാരി റെയില്‍വെയുടെ അന്വേഷണ റിപ്പോര്‍ട്ട്.
ദുരന്ത ദിവസമുണ്ടായ കനത്ത മഴയാണ് അപകടത്തിന്റെ പ്രധാന കാരണക്കാരന്‍. മഴകാരണം തകരാറിലായ പാലത്തിലേക്ക് കൂടുതല്‍ ആളുകളെ കയറാന്‍ പ്രേരിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭാരമേറിയ ബാഗുകളുമായി പാലത്തിലേക്ക് കയറരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാരവുമായി യാത്രക്കാര്‍ കൂട്ടത്തോടെ പാലത്തിലേക്ക് കയറിയതാണ് ദുരന്തത്തിന് കാരണമായത്. ഇതിനുപുറമെ പാലം അപകടത്തില്‍പ്പെട്ടുവെന്ന നുണപ്രചാരണവും ദുരന്തത്തിന്റെ തീവ്രത കൂട്ടാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമ റെയില്‍വേയുടെ സുരക്ഷാ ചുമതലയുള്ള ജന. മാനേജര്‍ അനില്‍കുമാറാണ് ഇന്നലെ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് നല്‍കിയത്. പരുക്കേറ്റ 30 യാത്രക്കാരുടെ മൊഴികളടക്കം അടങ്ങിയതാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആശയ വിനിമയം നടത്താന്‍ വയര്‍ലെസ് സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക, നിലവിലെ ബുക്കിങ് ഓഫിസ് മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മറ്റൊരു നടപ്പാലം കൂടി നിര്‍മിക്കുക, സുരക്ഷാ ജീവനക്കാര്‍ക്ക് വയര്‍ലെസ് സെറ്റ് നല്‍കുക, അടിയന്തര സാഹചര്യം നേരിടാന്‍ കഴിയുന്ന തരത്തില്‍ കാര്യക്ഷമമായ വാര്‍ത്താ സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം 29നാണ് എന്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ ദുരന്തം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."