സോളാര്‍: ഇന്ന് കേസെടുക്കും; അറസ്റ്റ് ഉടനില്ല
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസുകള്‍ ഇന്ന് എടുത്തേക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. ബലാല്‍സംഗ, അഴിമതി കേസുകളാണ് ഉമ്മന്‍ചാണ്ടിക്കെതിരേ രജിസ്റ്റര്‍ ചെയ്യുക. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനു ക്രിമിനല്‍ കേസാണ് തിരുവഞ്ചൂരിനെതിരേ രജിസ്റ്റര്‍ ചെയ്യുക.
സരിത ലൈംഗികാരോപണം ഉന്നയിച്ചവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ഉമ്മന്‍ചാണ്ടിക്കു പുറമേ മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ കെ.സി.വേണുഗോപാല്‍, പളനിമാണിക്യം, ജോസ് കെ.മാണി എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, മുന്‍ എം.എല്‍.എമാരായ എ.പി.അബ്ദുല്ലക്കുട്ടി, പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, എ.ഡി.ജി.പി കെ.പത്മകുമാര്‍ എന്നിവര്‍ക്കെതിരേയാണ് ബലാല്‍സംഗത്തിന് കേസെടുക്കുക.
ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍, സുഹൃത്തായ അമേരിക്കന്‍ വ്യവസായി ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സരിത നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിനും പ്രത്യേകസംഘത്തെ നിയോഗിക്കും.
സരിതയുടെ മൊഴിയെടുത്താലുടന്‍ ആരോപണവിധേയരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താം. എന്നാല്‍ 2013ല്‍ അറസ്റ്റിലായപ്പോള്‍ തന്നെ സരിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ആ റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും കടക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."