പരാഗ്വെയും മാലിയും പ്രീ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡും തുര്‍ക്കിയും ലോകകപ്പില്‍ നിന്ന് പുറത്ത്
മുംബൈ: ഗ്രൂപ്പ് ബിയില്‍ നിന്ന് മാലിയും പരാഗ്വെയും ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മാലി 3-1ന് ന്യൂസിലന്‍ഡിനെ വീഴ്ത്തിയപ്പോള്‍ പരാഗ്വെ ഇതേ സ്കോറിന് തുര്‍ക്കിയേയും പരാജയപ്പെടുത്തിയാണ് അവസാന പതിനാറില്‍ സീറ്റുറപ്പിച്ചത്. രണ്ട് തോല്‍വികളും ഓരോ സമനിലകളും മാത്രമായി ന്യൂസിലന്‍ഡും തുര്‍ക്കിയും ലോകകപ്പില്‍ നിന്ന് പുറത്തായി. മൂന്നില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്‍പത് പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് പരാഗ്വെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. മൂന്നില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് മാലിയുടെ മുന്നേറ്റം.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ വലയിലാക്കി പരാഗ്വെ തുര്‍ക്കിയുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തി. 40 മിനുട്ടുവരെ പരാഗ്വെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ തുര്‍ക്കിക്ക് സാധിച്ചെങ്കിലും 41ാം മിനുട്ടില്‍ ജിയോവന്നി ബൊഗാഡോ പ്രതിരോധം പൊളിച്ച് വല ചലിപ്പിച്ചു. രണ്ട് മിനുട്ടിനുള്ളില്‍ ഫെര്‍ണാണ്ടോ കാര്‍ഡോസോ പരാഗ്വെയുടെ രണ്ടാം ഗോളും വലയിലാക്കി. 61ാം മിനുട്ടില്‍ അന്റോണിയോ ഗലെനോ പരാഗ്വെയുടെ പട്ടിക പൂര്‍ത്തിയാക്കി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കരെം നേടിയ ഗോള്‍ തുര്‍ക്കിയുടെ പരാജയ ഭാരം കുറയ്ക്കാന്‍ ഉപകരിച്ചു.
ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ കിവി വലയില്‍ നിറച്ചാണ് മാലിയുടെ മുന്നേറ്റം. കളിയുടെ 18ാം മിനുട്ടില്‍ തന്നെ മാലി മുന്നിലെത്തി. സലാം ജിഡോവുവാണ് അവര്‍ക്ക് ലീഡ് സമ്മാനിച്ചത്. 50ാം മിനുട്ടില്‍ ജെമൗസയും 82ാം മിനുട്ടില്‍ എന്ഡ്യായയും പട്ടിക തികച്ചു. ന്യൂസിലന്‍ഡ് ആശ്വാസ ഗോള്‍ 72ാം മിനുട്ടില്‍ സ്പ്രാഗ് വലയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."