യു.എസും ഇസ്രാഈലും യുനെസ്കോയില്‍ നിന്ന് പിന്മാറി
വാഷിങ്ടണ്‍: ഇസ്രാഈല്‍ വിരുദ്ധ നിലപാട് തുടരുന്നുവെന്നാരോപിച്ച് യു.എസും ഇസ്രാഈലും യുനെസ്കോയില്‍ നിന്ന് (യുനൈറ്റഡ് സ്റ്റേറ്റ്സ് സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന്) പിന്മാറി.
യു.എസാണ് ആദ്യം യുനെസ്കോയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. യുനെസ്കോ തുടരുന്ന ഇസ്രഈല്‍ വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ലെന്നായിരുന്നു വിശദീകരണം. കൂടാതെ സംഘടനയില്‍ പരിഷ്കരണം നടക്കുന്നില്ലെന്നും യു.എസ് ആരോപിച്ചു. എന്നാല്‍ സ്ഥിരം നിരീക്ഷ രാജ്യമായി തുടരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് ഹെതര്‍ നോവേര്ട്ട് അറിയിച്ചു.
യു.എസിനു പിന്നാലെ പിന്മാറ്റ നടപടികള്‍ ചെയ്യാനായി ഇസ്രാഈല്‍ പ്രധാനമന്ത്രി വിദേശകാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
യുഎസിന്റെ തീരുമാനം ധീരവും ധാര്‍മികവുമാണെന്ന് ഇസ്രാഈല്‍ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, യുനെസ്കോ ബുദ്ധിശൂന്യരുടെ നാടകശാലയായി മാറിയെന്നും ഇസ്രാഈല്‍ ആരോപിച്ചു.
അതേസമയം, യു.എസിനെ സംബന്ധിച്ച യുനെസ്കോയോ യുനെസ്കോയെ സംബന്ധിച്ച് യു.എസോ പ്രധാനമല്ലെന്ന് വിരമിക്കുന്ന യുനെസ്കോ മേധാവി ഐറിസ് ബോക്കോവ പ്രതികരിച്ചു. ലോകം മുഴുവന്‍ സംഘര്‍ഷഭരിതമായ സമയത്ത് വിദ്യാഭ്യാസ സാംസ്കാരിക മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന യുനെസ്കോയില്‍ നിന്ന് പിന്മാറുന്നതില് യു.എസിന് ഖേദിക്കേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എസ് നേരത്തെയും യുനെസ്കോയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. റീഗന് പ്രസിഡന്റായിരിക്കെ, 1984ല്‍ ആയിരുന്നു അത്. സോവിയറ്റ് യൂനിയനോട് അനുകൂല നിലപാട് സ്വീകരിക്കുന്നവെന്നാരോപിച്ചായിരുന്നു പിന്മാറ്റം. പിന്നീട് 2002ല്‍ ബുഷിന്റെ കാലത്താണ് തിരിച്ചെത്തിയത്.
ഫലസ്തീനെ അംഗരാജ്യമാക്കിയതിനെ തുടര്‍ന്ന് യുനെസ്കോയില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു ഇസ്രാഈലും. ഇതേ കാരണത്തെ തുടര്‍ന്ന് 2011 മുതല്‍ അമേരിക്ക യുനെസ്കോക്കുള്ള ധനസഹായം നിര്‍ത്തലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."