കുതിച്ചുയരുന്ന മരുന്നുവിലയും പകച്ചുനില്‍ക്കുന്ന രോഗികളും
ജി.എസ്.ടിയുടെ വരവോടെ മരുന്നുവിലയിലുണ്ടായ വന്‍ വര്‍ധനവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ജീവിതശൈലീ രോഗങ്ങള്‍ക്കും മറ്റും തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകളുടെ വില ജി.എസ്.ടി നടപ്പാക്കുന്നതോടെ കുറയുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, മോദിസര്‍ക്കാരിന്റെ മറ്റു പ്രഖ്യാപനങ്ങളിലെന്നപോലെ നേര്‍ വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വിലപോലും കുതിച്ചുയരുകയാണ്. കൊളസ്‌ട്രോളിനുള്ള റോസുവോസ്റ്റാറ്റിന്‍, കഫക്കെട്ടിനും പനിക്കും നെഞ്ചുവേദനക്കുമുള്ള അസിത്രോമൈസിന്‍, പ്രമേഹത്തിനുള്ള ഗ്ലൈസെന്‍ ക്ലമിഡ്, പ്രമേഹവും കൊഴുപ്പും കുറക്കുന്നതിനുള്ള മെറ്റ്‌ഫോര്‍മിന്‍ എന്നിവയാണ് വിലനിയന്ത്രണ പട്ടികയിലുള്ള മരുന്നുകള്‍. മാസത്തില്‍ 60 മുതല്‍ 90 വരെ കഴിക്കേണ്ട ഗുളികകളാണ് ഇവ. ഈ മരുന്നുകളുടെ നാമമാത്രമായ വില വര്‍ധനവുപോലും സാധാരണക്കാര്‍ക്ക് പ്രഹരമാണ്. സള്‍ഫാസലാസിന്‍, കെറ്റോയൊനാസോള്‍, അസറ്റൈന്‍ സിസ്റ്റിന്‍ാന്റ് ടോറിന്‍, തൈറോക്‌സിന്‍ സോഡിയം, ആസ്‌ട്രോസ്‌റ്റേറ്റീവ് തുടങ്ങിയ നൂറോളം മരുന്നുകള്‍ക്കാണ് വില കൂട്ടിയിട്ടുള്ളത്. ജി.എസ്.ടിയില്‍ അഞ്ച് സ്ലാബുകളിലായാണ് മരുന്നുകള്‍ക്ക് നികുതി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒറ്റ സ്ലാബാക്കി ദിവസവും കഴിക്കേണ്ട മരുന്നുകളെ പൂര്‍ണമായും വിലനിയന്ത്രണത്തില്‍ കൊണ്ടുവന്നാല്‍ സാധാരണക്കാര്‍ക്ക് അത് ആശ്വാസമാവും.
അതിസമ്പന്നര്‍ക്കുമാത്രം താങ്ങാന്‍ കഴിയുന്ന ഒന്നായി രാജ്യത്തെ ചികിത്സാച്ചെലവുകള്‍ അനുദിനം വര്‍ധിക്കുകയാണ്. വിദേശങ്ങളിലെന്നപോലെ ഇക്കാര്യത്തില്‍ താഴെതട്ടിലുള്ളവരെ സഹായിക്കാനായി ഇന്‍ഷുറന്‍സ് പദ്ധതികളൊന്നും രാജ്യത്ത് നിലവിലില്ല. കിടപ്പാടം വരെ വിറ്റും അതും കഴിഞ്ഞാല്‍ ഉദാരമതികളുടെ സഹായത്താലുമാണ് പ്രതിസന്ധി ഘട്ടങ്ങളെ ഇത്തരക്കാര്‍ തരണം ചെയ്യുന്നത്. രോഗം വന്നാല്‍ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യുന്ന ദുരനുഭവങ്ങളും അപൂര്‍വമല്ല. ജനക്ഷേമത്തെക്കുറിച്ച് ആണയിടുന്ന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്.
അപൂര്‍വരോഗങ്ങളുടെ ചികിത്സക്കും ഗവേഷണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ കരടുനയം തയ്യാറാക്കിയിരിക്കയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പുവരുത്തുമെന്ന് കരടുനയം പറയുന്നു. ഇന്ത്യയില്‍ 450-ഓളം അപൂര്‍വ രോഗങ്ങളാണുള്ളത്. ജനിതകത്തകരാറ് കാരണമാണ് ഈ രോഗങ്ങള്‍ അധികവും ഉണ്ടാവുന്നത്. അപൂര്‍വരോഗങ്ങളുള്ളവരില്‍ 35 ശതമാനവും ഒരു വയസ്സിന് മുമ്പെ മരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് ആയിരത്തില്‍ ഒന്നോ അതില്‍ താഴെയോ ആളുകള്‍ക്ക് പിടിപെടുന്ന രോഗങ്ങളെയാണ് അപൂര്‍വരോഗങ്ങളായി പരിഗണിക്കുക. ഇന്ത്യയില്‍ പക്ഷേ, ഇതിന് ഇനിയും മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. അമേരിക്കയില്‍ പതിനായിരത്തില്‍ 6.4 പേര്‍ക്ക് വന്നാല്‍ അപൂര്‍വ രോഗമായി. ജപ്പാനില്‍ പതിനായിരത്തില്‍ നാലുപേര്‍ക്ക് പിടിപെട്ടാല്‍ അപൂര്‍വ രോഗമായി വിലയിരുത്തും. ഹീമോഫീലിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ, ഓട്ടോ-ഇമ്യൂണോ രോഗം, പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി, എല്‍.എസ്.ഡിയില്‍ ഉള്‍പ്പെടുന്ന വിവിധ രോഗങ്ങള്‍ എന്നിവയാണ് അപൂര്‍വ രോഗങ്ങളായി ഇന്ത്യയില്‍ പരിഗണിക്കുന്നത്.
എന്തിനും ഏതിനും ലാഭമാണല്ലോ എല്ലാവരും ലക്ഷ്യംവയ്ക്കുന്നത്. കൂടുതല്‍ ഉല്പാദനം നടത്തി കൊള്ളലാഭം കൊയ്യുക എന്നതാണ് മരുന്നു കമ്പനികളുടേയും ലക്ഷ്യം. വളരെ കുറച്ചുപേര്‍ക്ക് മാത്രം വരുന്ന രോഗമായതുകൊണ്ട് വിപണി സാധ്യതയില്ലാത്തതിനാല്‍ മിക്ക അപൂര്‍വ രോഗങ്ങള്‍ക്കും കമ്പനികള്‍ മരുന്നുകള്‍ പുറത്തിറക്കാന്‍ താല്പര്യം കാണിക്കാറില്ല. എന്‍സൈം റീപ്ലേസ്‌മെന്റ് തെറാപ്പി (ഇ.ആര്‍.ടി)യാണ് ഇപ്പോഴത്തെ മുഖ്യചികിത്സ. ഇതിനുള്ള മരുന്നുകള്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കാത്തതിനാല്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ലൈസോസോമല്‍ സ്‌റ്റോറേജ് ഡിസീസസ് (എല്‍.എസ്.ഡി) വിഭാഗത്തില്‍ വരുന്ന ഗോഷെ എന്ന അപൂര്‍വരോഗത്തിന്റെ ചികിത്സയ്ക്ക് പ്രതിവര്‍ഷം 70-ഓളം ലക്ഷം രൂപ ചെലവ് വരും. രോഗിയുടെ വളര്‍ച്ചയും അതുവഴി ഭാരവും കൂടുന്തോറും ചികിത്സാചെലവും വര്‍ധിക്കും. ഒരു ശരാശരി കുടുംബത്തിന് താങ്ങാനാവുന്നതല്ല ഇത്തരം ചെലവുകള്‍.
ഇതിനായി ദേശീയതലത്തില്‍ നൂറു കോടി രൂപ ആദ്യഘട്ട നിക്ഷേപമായി ഒരു ഫണ്ട് രൂപീകരിക്കുമെന്ന് കരട് നയം വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി.എസ്.ആര്‍) എന്നിവയില്‍നിന്ന് ഇതിനായി പണം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.
ആരോഗ്യ-ചികിത്സാ രംഗത്ത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒറ്റയടിക്ക് പരിഹാരം കാണാനാവില്ല. എങ്കിലും അതിലേക്കുള്ള ചെറിയ ചുവടുവയ്പുപോലും പ്രത്യാശയുളവാക്കുന്നതാണ്. സര്‍ക്കാരിന്റെ മുന്‍ പ്രഖ്യാപനങ്ങളെപ്പോലെ ഇത് ജലരേഖയായി മാറരുത്. കരടുനയം എത്രയും വേഗം നിയമങ്ങളും ചട്ടങ്ങളുമാക്കി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."