ആഴക്കടലില്‍ മൃതദേഹം ഒഴുകുന്നത് കണ്ടതായി മത്സ്യതൊഴിലാളികള്‍
ഫറോക്ക്: ആഴക്കടലില്‍ മൃതേദേഹം ഒഴുകുന്നത് കണ്ടതായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍. മംഗലാപുരത്ത് നിന്നും മത്സ്യബന്ധനം കഴിഞ്ഞു കൊച്ചിക്ക് പോവുകയായിരുന്ന ആരോഗ്യ അന്നൈ-2 ബോട്ടിലുള്ളവരാണ് കൊയിലാണ്ടി തീരത്തിന് 10 നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹം കണ്ടതായി വിവരം നല്‍കിയത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നു ബോട്ടുകാര് ഇന്നലെ രാത്രി കടലില്‍ തിരച്ചില്‍ നടത്തി. മൃതദേഹം കണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബോട്ടപകടത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ ബേപ്പൂരിലേക്ക് വീണ്ടും തിരിച്ചു. കന്യാകുമാരി ചിന്നതുറൈയില് നിന്നും തിരുവനന്തപുരം പൂവാറില്‍ നിന്നുമായി കാണതായവരുടെ ബന്ധുക്കള്‍ ഇന്നലെ രാത്രി തന്നെ ബേപ്പൂരിലേക്ക് തിരിച്ചു. രാവിലെ ബേപ്പൂരിലെത്തുന്ന ഇവര്‍ കടലില്‍ തിരച്ചിലിനു പോകും. ഇതിനായി ബേപ്പൂര്‍ ഹാര്‍ബര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് കഴിഞ്ഞ 10ന് ബേപ്പൂരിന് സമീപം ആഴക്കടലില്‍ കപ്പലിടിച്ച് മുങ്ങിയിരുന്നു. ആറ് പേരുണ്ടായിരുന്ന ബോട്ടില്‍ രണ്ട് പേര് രക്ഷപ്പെടുകയും ഒരാളുടെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."