ദീപാവലി ആഘോഷത്തില്‍ സമന്വയത്തിന്റെ പാതയൊരുക്കി യാദവ നേതാക്കള്‍
ലഖ്‌നൗ: പകയും വിദ്വേഷവും തീര്‍ത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് കനത്ത പ്രഹരമുണ്ടാക്കി പലവഴിക്ക് പിരിഞ്ഞേക്കുമെന്ന് സംശയിച്ചിരുന്ന സമാജ് വാദി നേതാക്കളെല്ലാം ദീപാവലി ആഘോഷത്തിന് ഒന്നിച്ചുകൂടി.
മുലായം സിങ് യാദവ്, സഹോദരന്‍ ശിവ്പാല്‍ യാദവ്, മുലായത്തിന്റെ മകന്‍ അഖിലേഷ് എന്നിവരാണ് പരസ്പര വൈരം മറന്ന് ഉത്തര്‍പ്രദേശിലെ എത്വയിലെ ജന്മ സ്ഥലമായ സെയ്‌ഫെയില്‍ ഒത്തുചേര്‍ന്നത്.
യാദവ കുലത്തിലെ അഖിലേഷ് യാദവിനൊപ്പം യുവ തലമുറയിലെ ധര്‍മേന്ദ്ര യാദവ്, തേജ് പ്രദാപ് യാദവ്, അന്‍ശുല്‍ യാദവ് എന്നിവര്‍ കുടുംബത്തിലെ മുതിര്‍ന്നവരായ മുലായം സിങ് യാദവ്, ശിവ്പാല്‍ യാദവ്, രാം ഗോപാല്‍ യാദവ് എന്നിവര്‍ക്കൊപ്പം ശത്രുത മറന്ന് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മുലായത്തിന്റെ ബദ്ധവൈരിയായ രാം ഗോപാല്‍ യാദവിന്റെ വസതിയിലാണ് യാദവരെല്ലാം ഒത്തുകൂടിയത്.
എല്ലാവരും ശത്രുത മറന്ന് ഒന്നിക്കണമെന്ന് മുലായം ആവശ്യപ്പെട്ടു. ഇവരുടെ കൂട്ടായ്മയില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പങ്കാളികളായി.
അഖിലേഷിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃത്വം ശക്തമായി മുന്നോട്ടുപോകുമെന്നും ഒരു തരത്തിലുള്ള വിഭാഗീയതയും ആവശ്യമില്ലെന്നും ശിവ്പാല്‍ യാദവും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."