HOME
DETAILS

വേങ്ങര ഇന്ത്യക്ക് നല്‍കുന്ന പാഠം

  
backup
October 22 2017 | 02:10 AM

article-today-22-10-17-a-sajeevan

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഉയര്‍ന്നുവന്ന അവകാശവാദങ്ങളും ആരോപണങ്ങളും പലതാണ്. വേങ്ങരയെന്ന ലീഗിന്റെ നെടുങ്കോട്ട തകര്‍ക്കാന്‍ സകലശക്തികളും പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അതെല്ലാം ചീറ്റിപ്പോയി എന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ എല്‍.ഡി.എഫും ബി.ജെ.പിയും ഒത്തുകളിച്ചുവെന്നതിന്റെ തെളിവാണ് ബി.ജെ.പി വോട്ടുകളിലുണ്ടായ ചോര്‍ച്ചയെന്നും അവര്‍ പറയുന്നു.


പോയകാലങ്ങളില്‍ നടന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ സ്ഥാനാര്‍ഥികള്‍ക്കു കിട്ടിയ ഭൂരിപക്ഷത്തിന്റെ പകുതിപോലും ഇത്തവണ കിട്ടാതിരുന്നത് വേങ്ങരയില്‍ മുസ്‌ലിംലീഗിനുണ്ടായ തിരിച്ചടിയാണെന്നാണ് എല്‍.ഡി.എഫിന്റെ അവകാശവാദം. സംഘ്പരിവാറിനെ നേരിടുന്നതില്‍ ലീഗിനും യു.ഡി.എഫിനുമുണ്ടായ പരാജയത്തിന്റെ തെളിവാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് ഇത്തവണയുണ്ടായ വോട്ടുവര്‍ധനയെന്നും അവര്‍ പറയുന്നു.
രാഷ്ട്രീയ അവകാശവാദങ്ങളും ആരോപണങ്ങളും സാധൂകരിക്കാന്‍ ന്യായീകരണങ്ങളും തെളിവുകളും ഏറെ കണ്ടെത്താന്‍ കഴിയും. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും അതെല്ലാം സ്വാഭാവികവുമാണ്. വേങ്ങരയിലും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നുണ്ടായത് അതുതന്നെയാണ്. ഇതിലെ ശരിതെറ്റുകള്‍ നോക്കല്‍ ഇവിടെ പ്രസക്തമല്ല. ഭൂരിപക്ഷം കൂടിയാലും കുറഞ്ഞാലും വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ഥിയായ കെ.എന്‍.എ ഖാദര്‍ ജയിച്ചുവെന്നത് യാഥാര്‍ഥ്യമാണ്.


പക്ഷേ, വേങ്ങരയിലെ തെരഞ്ഞെടുപ്പ് മറ്റൊരു തരത്തില്‍ കേരളത്തിനു മാത്രമല്ല, ഭാരതത്തിനു തന്നെ നല്‍കുന്ന മറ്റൊരു സന്ദേശമുണ്ട്. ഈ സംസ്ഥാനത്തും രാജ്യത്തും മതേതരത്വത്തിന്റെ പൊന്‍വെളിച്ചം കെടാതെ സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആരും വേങ്ങര നല്‍കുന്ന ആ പാഠം കാണാതെ പോകരുത്. എന്താണ് ആ പാഠം എന്ന് ആദ്യമേ തന്നെ പറഞ്ഞ് അത് വേങ്ങരയില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കപ്പെട്ടു എന്നു വിശദീകരിക്കുന്നതായിരിക്കും ഉചിതം.
വേങ്ങരയിലെ വോട്ടെണ്ണല്‍ ഫലത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കിയ ഘട്ടത്തില്‍ ചാനലുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലേക്ക് കാമറയും മൈക്കുമായി ചെന്നിരുന്നത് ശ്രദ്ധിച്ചിരിക്കും. ഇതുവരെയുള്ള വോട്ടെണ്ണല്‍ ഗതിയെക്കുറിച്ച് എന്തു പറയുന്നു എന്ന അവരുടെ ചോദ്യത്തിന് പതിനെട്ടോ പത്തൊമ്പതോ വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. ''ഞങ്ങളെ വര്‍ഗീയവാദികളാക്കാന്‍ കഴിയൂല്ലാന്ന് ഇപ്പം മനസ്സിലായില്ലേ'' എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പ്രതികരണം.


ആ വാക്കുകളില്‍ വേങ്ങരയുടെ മനസ്സുണ്ട്.അതായത്, അതിഭീകരമായ സാമുദായിക വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളും പ്രസ്താവനകളും പ്രചാരണവും തുടര്‍ച്ചയായി കാണുകയും കേള്‍ക്കുകയും ചെയ്തതിന്റെ ഫലമായി അവിടത്തെ വോട്ടര്‍മാരുടെ മനസ്സ് രണ്ടു വിഭിന്നധ്രുവങ്ങളിലേയ്ക്കു മാറിപ്പോയിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. തീര്‍ച്ചയായും അത് കേരളത്തിലെ രാഷ്ട്രീയചരിത്രത്തില്‍ വലിയൊരു പതനത്തിന്റെ തുടക്കമാകുമായിരുന്നു. കേരളം അതോടെ വര്‍ഗീയഭ്രാന്തന്മാരുടെ പിടിയിലാകുമായിരുന്നു.


അതു തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ്, കന്നിവോട്ടറായ, പതിനെട്ടോ പത്തൊമ്പതോ പ്രായം മാത്രമുള്ള ആ ചെറുപ്പക്കാരന്‍ മാധ്യമങ്ങളോടു പറഞ്ഞത്. പൊടുന്നനെയുള്ള ചോദ്യത്തിന് അവന്റെ വായില്‍ ആ മറുപടിയെത്തിയിട്ടുണ്ടെങ്കില്‍ അത് തികച്ചും ആത്മാര്‍ഥമായതു തന്നെയാണ്. ആ മനോഭാവം തന്നെയാണ്, വേങ്ങരയിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ക്കുമുള്ളതെന്ന് അവിടത്തെ ഫലം സംശയലേശമന്യേ വ്യക്തമാക്കുന്നു.


ലീഗിനു വോട്ടു കുറഞ്ഞെങ്കില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ തീവ്ര നിലപാടെടുക്കുന്ന എസ്.ഡി.പി.ഐയുടെ പെട്ടിയിലേയ്ക്കല്ല ഒഴുകിയത്. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ വോട്ട് അവര്‍ക്കു ലഭിച്ചെങ്കിലും ലോക്‌സഭയില്‍ കിട്ടിയതുമായി താരതമ്യം ചെയ്താല്‍ കുറയുകയാണു ചെയ്തത്.
ഇടതുപക്ഷം ന്യൂനപക്ഷപ്രീണനമാണു നടത്തുന്നതെന്നും ഹിന്ദുക്കളെ ചതിക്കുകയാണെന്നുമുള്ള പ്രചാരണം വിശ്വസിച്ചിരുന്നെങ്കില്‍ വേങ്ങരയിലെ ഹിന്ദു വോട്ടര്‍മാര്‍ തീര്‍ച്ചയായും അവരുടെ വോട്ടുകള്‍ ബി.ജെ.പിയുടെ പെട്ടിയില്‍ വീഴ്ത്തുമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, നേരത്തെ കിട്ടിയതിനേക്കാള്‍ വോട്ടു കുറയുകയും നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.


ഇതു രണ്ടും സംഭവിച്ചത് വര്‍ഗീയരാഷ്ട്രീയം അങ്ങേയറ്റം കൊടുമ്പിരി കൊള്ളിക്കുന്ന രീതിയില്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതിന്റെ മൂര്‍ധന്യത്തിലാണെന്ന് ഓര്‍ക്കണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്രമോദി ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി മാത്രമായിരുന്നു. ഗുജറാത്തില്‍ വര്‍ഗീയവിദ്വേഷവും സാമുദായികകലാപവും വ്യാജഏറ്റുമുട്ടലുകളുമൊക്കെ നടത്തി അതിന്റെ ബലത്തില്‍ അധികാരത്തില്‍ വന്നയാളായിരുന്നു. ആ രാഷ്ട്രീയം ദേശീയതലത്തില്‍ വിലപ്പോകുമെന്ന് ഏറെപ്പേരൊന്നും വിശ്വസിച്ചിരുന്നില്ല.


എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ന്യൂനപക്ഷത്തെയും കൊല്ലുന്നത് ഉത്തരേന്ത്യയില്‍ പതിവു സംഭവമായി. എതിര്‍ശബ്ദമുയര്‍ത്തിയവരെ വെടിവച്ചു കൊല്ലലും അതിന്റെ അന്വേഷണം തെളിവില്ലാതെ കലാശിക്കലും സ്വാഭാവികമായി. സോഷ്യല്‍ മീഡിയയില്‍ സാമുദായിക പ്രചാരണത്തിന്റെ വേലിയേറ്റമുണ്ടായി. ഇതിന്റെയൊക്കെ ഫലമായി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ബി.ജെ.പിയുടെ കാല്‍ക്കീഴിലായി.


ശേഷിച്ച സംസ്ഥാനങ്ങളില്‍ അവര്‍ക്കു ബാലികേറാമലയായ കേരളം പിടിച്ചെടുക്കല്‍ പ്രഥമകര്‍ത്തവ്യമായി ഏറ്റെടുത്തിരിക്കുകയാണ് അമിത്ഷാ. അതുകൊണ്ടാണ് അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത് കേരളരക്ഷാ യാത്ര ആരംഭിച്ചത്. കേരളരക്ഷാ യാത്രയുടെ മുദ്രാവാക്യം തന്നെ 'ചുവപ്പു ഭീകരതയ്ക്കും ജിഹാദി ഭീകരതയ്ക്കുമെതിരേ' എന്നായിരുന്നു. 1921 ല്‍ സംഭവിച്ചതും ആദ്യകാലത്ത് മാപ്പിളലഹളയെന്ന് വിളിക്കപ്പെട്ടതും പില്‍ക്കാലത്ത് ചരിത്രകാരന്മാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന് അംഗീകരിച്ചതുമായ മലബാര്‍ കലാപത്തെ ആദ്യജിഹാദി ഭീകരതയെന്നു വീണ്ടും ചിത്രീകരിച്ച് സാമുദായിക വിഭാഗീയത അതിരൂക്ഷമാക്കാന്‍ ശ്രമം നടന്നു.


ഇത്തരം പ്രവണത ഒരു പക്ഷത്തുനിന്നു ബോധപൂര്‍വം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ശ്രമമാണ് എസ്.ഡി.പി.ഐ പോലുള്ള തീവ്രനിലപാടെടുക്കുന്ന സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. അതിനു ശക്തി ലഭിച്ചിരുന്നെങ്കില്‍ വിഭാഗീയത അതിശക്തമാകുമായിരുന്നു. അതിന്റെ ഗുണഫലം കേരളത്തിലും അത്തരം സംഘടനകള്‍ക്കു കുറേയെല്ലാം കിട്ടുമെങ്കിലുംആത്യന്തികമായി നേട്ടം കൊയ്യാനാകുക ബി.ജെ.പിക്കായിരുന്നു.


ആ ശ്രമമാണ് വേങ്ങര തകര്‍ത്തിരിക്കുന്നത്.ഞങ്ങള്‍ വര്‍ഗീയതയുടെ മക്കളല്ല, സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും കുഞ്ഞുങ്ങളാണ് എന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പിലൂടെ വേങ്ങര ഇന്ത്യക്കു നല്‍കിയിരിക്കുന്നത്. മറ്റു ദേശക്കാര്‍ അത് ഉള്‍ക്കൊള്ളുമോ എന്ന ചോദ്യം മാത്രമാണു ബാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago