മെഡിക്കല്‍ കോളജ് കോഴ: എം.ടി രമേശിന് വിജിലന്‍സ് നോട്ടിസ്
തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളജ് കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം പുനരാരംഭിച്ചു. റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ എം.ടി രമേശിന് വിജിലന്‍സ് നോട്ടിസ് നല്‍കി. മൊഴിയെടുക്കുന്നതിനായി അടുത്ത മാസം 21ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.
മെഡിക്കല്‍ കോളജ് കോഴ ഇടപാടില്‍ എം.ടി രമേശിന് പങ്കുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ നടപടി. സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരത്തെ വിജിലന്‍സ് തീരുമാനിച്ചിരുന്നു.
ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും പണം നല്‍കിയെന്ന് പറഞ്ഞ കോളജ് ഉടമ നിലപാടില്‍ നിന്ന് പിന്നാക്കം പോയതുമാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്. പൊതുജന സേവകരെന്ന നിര്‍വചനത്തില്‍ വരാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു.
എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്ന എം.ടി രമേശിന്റെ കൂടി മൊഴി എടുക്കണമെന്ന നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയതിനെ തുടര്‍ന്നാണ് രമേശിന്റെ മൊഴി എടുക്കാന്‍ നോട്ടിസ് നല്‍കിയത്.
വര്‍ക്കലയിലെ എസ്.ആര്‍ മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ ആറ് കോടി രൂപ കോഴ ബി.ജെ.പി സഹകരണ സെല്‍ കണ്‍വിനര്‍ ആര്‍.എസ് വിനോദ് വഴി ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ക്ക് നല്‍കിയെന്നാണ് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്.
മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് അനുമതിക്കായി ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്ന വര്‍ക്കല, പാലക്കാട് കോളജ് മാനേജ്‌മെന്റുകള്‍ മൊഴി നല്‍കിയത്. പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്താനോ ബി.ജെ.പി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റു തെളിവുകള്‍ പിടിച്ചെടുക്കാനോ വിജിലന്‍സ് അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥ മില്ലെന്നാണ് വിജിലന്‍സ് നിലപാട് സ്വീകരിച്ചിരുന്നത്. എല്ലാ തെളിവുകളും വിജിലന്‍സിനു മുന്നില്‍ ഹാജരാക്കുമെന്ന് പ്രഖ്യാപിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളും പിന്നീട് മലക്കം മറിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."