ഇന്ത്യ-ന്യൂസിലന്‍ഡ് ടി 20 പോരാട്ടത്തിനായി ഗ്രീന്‍ഫീല്‍ഡ് ഒരുങ്ങി
തിരുവനന്തപുരം: നവംബര്‍ ഏഴിന് ഇന്ത്യ-ന്യൂസിലഡ് ടി20 ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ പിച്ചുകളുടെയും ഫ്ളെഡ്ലിറ്റുകളുടെയും അറ്റകുറ്റപണി പൂര്‍ത്തിയായി. കെ.സി.എ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് പിച്ചൊരുക്കിയത്.
രണ്ടാഴ്ച മുന്‍പ് കേരളവും ജാര്‍ഖണ്ഡുമായുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറിയിരുന്നു. ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടത്തിന് മുന്നോടിയായി ടി20 പരീക്ഷണ മത്സരങ്ങള്‍ നാളെ വൈകിട്ട് ഏഴിന് സ്റ്റേഡിയത്തില്‍ അരങ്ങേറും. കെ.സി.എ ടീമുകള്‍ തമ്മിലാണ് മാറ്റുരയ്ക്കുന്നത്. ബി.സി.സി.ഐയുടെ ക്യൂറേറ്റര്‍മാരായ ശ്രീറാമും ചന്ദ്രശേഖറും പരീക്ഷണ കളികള്‍ വീക്ഷിക്കുവാന്‍ എത്തുന്നുണ്ട്.
ടി20 മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. ഓണ്‍ലൈന്‍ വഴിയുള്ള കെ.സി.എ.യുടെ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുമ്പോഴും പലയിടങ്ങളിലും ടിക്കറ്റ് ലഭിക്കുന്നില്ലന്നും പരാതിയുണ്ട്. ആദ്യം ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങിയപ്പോള്‍ തന്നെ ബുക്കിങ് സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നു. എന്നിട്ടും വില്പനയില് റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്.
കാണികളുടെ തിരക്ക് കൂടിയതോടെ നേരത്തെ തീരുമാനിച്ചതിലധികം ടിക്കറ്റുകള്‍ നിലവില്‍ ഓണ്‍ലൈന്‍ വഴി കഴിഞ്ഞ ദിവസം വീണ്ടും വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. വിവിധ കാറ്റഗറിയില്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് കളി കാണാന്‍ കഴിയുന്നത് 50,000 പേര്‍ക്കാണ്.
ഇതില്‍ 37000 ടിക്കറ്റുകളും വിറ്റഴിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ഫെഡറല്‍ ബാങ്കിന്റെ 41 ശാഖകള്‍ വഴിയുള്ള ടിക്കറ്റിന്റെ വില്‍പ്പനയുടെ ഉദ്ഘാടനം ഇന്ന് താജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."