തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി
തൃക്കരിപ്പൂര്‍: മൂന്നു നിലകളുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ കിടത്തിച്ചികിത്സക്കു സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും രണ്ടാം നില പൂര്‍ണമായും ഉപയോഗിക്കാതെ കിടക്കുന്നു. ഒന്നാം നിലയില്‍ കുട്ടികള്‍ക്കു മാത്രമായുള്ള വാര്‍ഡിലാണു സ്ത്രീകളെയും കിടത്തി ചികിത്സിക്കുന്നത്. പഴയ ഒ.പി ബ്ലോക്ക് കൂടാതെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 1.8 കോടി രൂപ ചെലവഴിച്ചാണു പുതിയ മൂന്നു നില കെട്ടിടം പണിതത്.
കഴിഞ്ഞ ഏപ്രില്‍ 15ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നിര്‍വഹിച്ച പുതിയ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ വിവിധ ഒ.പികള്‍, ഫാര്‍മസി തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയില്‍ പുരുഷന്മാരുടെ വാര്‍ഡും കുട്ടികളുടെ വാര്‍ഡുമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം നില പൂര്‍ണമായും ഒഴിഞ്ഞുകിടക്കുമ്പോഴാണു കുട്ടികള്‍ക്കായുള്ള വാര്‍ഡില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കുന്നത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വാര്‍ഡില്‍ കുട്ടികളെ ആകര്‍ഷിപ്പിക്കുന്നതരത്തില്‍ ചിത്രങ്ങളും മറ്റും ഒരുക്കി കൊടുത്തത് തൃക്കരിപ്പൂര്‍ റോട്ടറി ക്ലബാണ്. കുട്ടികളുടെ വാര്‍ഡില്‍ പല രോഗങ്ങളുമായി എത്തുന്നവരെ പ്രവേശിപ്പിക്കുന്നതു ശരിയായ നടപടിയല്ലെന്നും കുട്ടികള്‍ക്ക് പെട്ടെന്ന് വിവിധ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇതു വഴി സാധ്യതയുണ്ടെന്നും പൊതുവില്‍ അഭിപ്രായമുണ്ട്.
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ജിവനക്കാരുടെ എണ്ണവും കിടത്തി ചികിത്സക്കുള്ള കട്ടിലുകളുടെ എണ്ണവും ഇപ്പോഴും പഴയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സൗകര്യത്തിനുസരിച്ചുള്ളതാണ്. താലൂക്ക് ആശുപത്രിക്ക് 100 കട്ടിലുകള്‍ വേണം. സാമൂഹ്യാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ കിടത്തി ചികിത്സക്കായി 40 കട്ടിലുകളാണുണ്ടായിരുന്നത്. നിലവില്‍ 40 കട്ടിലുകള്‍ ഒരുക്കണമെങ്കിലും കട്ടിലുകള്‍ പൂര്‍ണമായും ഒരുക്കാതെ രണ്ടാം നില ഒഴിച്ചിട്ട നിലയിലാണ്.
നിലവില്‍ 40 കട്ടിലുകളില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്കുള്ള ജീവനക്കാര്‍ ആശുപത്രിയിലുണ്ട്. ജീവനക്കാര്‍ക്കു രണ്ടാം നിലയില്‍ കയറുന്നതിലുള്ള മടിയാണ് കുട്ടികളുടെ വാര്‍ഡില്‍ സ്ത്രികളെയും പ്രവേശിപ്പിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പരിമിതമായ ജീവനക്കാരാണ് താലൂക്ക് ആശുപത്രിയിലുള്ളത്. താലൂക്ക് ആശുപത്രിയെന്ന് പേരുമാത്രമാണ്. സ്റ്റാഫ് പാറ്റേണ്‍ ഇപ്പോഴും സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റേതുമാത്രമാണെന്നും ഒരു നില പോയി മൂന്നു നിലയുള്ള കെട്ടിടം വന്നതോടുകൂടി ജീവനക്കാര്‍ക്ക് ജോലി ഇരട്ടിയായി വര്‍ധിച്ചുവെന്ന് ആശുപതി അധികൃതര്‍ പറയുന്നു.
മുകളിലത്തെ നിലയില്‍ കിടത്തി ചികിത്സ ആരംഭിച്ചാല്‍ അവരുടെ കാര്യം നോക്കാന്‍ രണ്ടു പേര്‍ ജീവനക്കാര്‍ വേണം. അതു മൂന്നു ഷിഫ്റ്റിലും ആവശ്യമാണെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ദിവസവും അറുനൂറിലധികം രോഗികള്‍ എത്തുന്നുണ്ട്. അവരെ ഒരു പരാതിക്കും ഇടവരാതെ പരിചരിച്ചു കൊണ്ടുപോകുന്നുണ്ട്. മുകളിലത്തെ നിലയില്‍ കിടത്തിച്ചികിത്സ നല്‍കണമെങ്കില്‍ അധിക ജീവനക്കാരെ അനുവദിക്കേണ്ടിവരുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."