നഷ്ടമായത് കുടുംബ സുഹൃത്തിനെ
എന്റെ എറ്റവും അടുത്ത സുഹൃത്തിനെയാണ് പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ വിയോഗത്തിലുടെ നഷ്ടമായിരിക്കുന്നത്. ഞാന്‍ വടക്കേ ഇന്ത്യയില്‍നിന്ന് 1976ല്‍ കൊച്ചിയില്‍ വന്നതിനു ശേഷമാണ് സാഹിത്യകാരന്‍മാരെ പരിചയപ്പെടുന്നത്. അതില്‍ ആദ്യത്തെ ആളായിരുന്നു പുനത്തില്‍. ഞാന്‍ ജോലിചെയ്തിരുന്ന ഫിഷറീസ് ഒഫിസില്‍ കൊച്ചിയില്‍ വരുമ്പോഴൊക്കെ അദ്ദേഹം എത്തുമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ വലിയെരു സൗഹൃദത്തിന്റെ തുടക്കം ഉണ്ടാക്കിയെടുക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഭാഷയുടെ സൗകുമാര്യതയും ആശയത്തിന്റെ പ്രത്യേക വെളിച്ചവും ഒപ്പം കേരളത്തിലെ മലയാള എഴുത്തുകാരെക്കുറിച്ചുള്ള എല്ലാ രഹസ്യവിവരങ്ങളും എനിക്ക് നല്‍കിയിരുന്ന എന്റെ കുടുംബ സുഹൃത്തായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതുവരെ ആ സൗഹൃദത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളെയും വളരെ ഗുണാത്മകമായി കാണാനും ഒപ്പം അല്‍പ്പം ആഢ്യത്തോടു കൂടിത്തന്നെ ഗൗരവമായ കാര്യങ്ങള്‍ പറയുന്നതിനും അതിലൊക്കെ ഉപരിയായി എതെങ്കിലും സാഹചര്യത്തില്‍ മറ്റുള്ളവര്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ചുനില്‍ക്കുന്ന അവസ്ഥയില്‍ വളരെ പെട്ടെന്ന് മനോഹരമായി അതിനുള്ള പരിഹാരം കൊണ്ടുവരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപാട് തമാശ സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കുമായിരുന്നു. പിന്നീട് അതോര്‍ത്ത് ചിരിക്കും.
ജീവിതമെന്നത് അദ്ദേഹത്തിന് ചിരിയും പാട്ടും ചേര്‍ന്നതായിരുന്നു. ജീവിതത്തെ പൂര്‍ണമായും ആസ്വദിച്ചിരുന്നു അദ്ദേഹം. സാഹിത്യകാരന്‍മാര്‍ക്കിടയില്‍ സ്വാഭാവികമായി കാണുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ ഇല്ലാത്ത, മറ്റുള്ളവരെ അംഗീകരിക്കാന്‍ മടിയില്ലാത്ത ഒരു മനസായിരുന്നു പുനത്തിലിന്റേത്. മലയാള സാഹിത്യത്തിനുള്ള നഷ്ടത്തേക്കാള്‍ കൂടുതല്‍ എനിക്കും എന്റെ കുടുംബത്തിനും വ്യക്തിപരമായി ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയാണ് ഉള്ളത്. അദ്ദേഹത്തിന്റെ കൃതികള്‍ പല തരത്തില്‍ അപഗ്രഥിക്കപ്പെടും. അതിനേക്കാള്‍ ആ വ്യക്തിത്വം മുന്നോട്ട് എപ്പോഴും എന്റെയുള്ളില്‍ ഉണ്ടായിരിക്കും. എന്റെ പ്രിയ സുഹൃത്തിന് വിട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."