ഹിമാചലില്‍ പ്രേംകുമാര്‍ ധുമല്‍
ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്ഥിഷിംല: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സൊളന്‍ ജില്ലയിലെ രാജ്ഗഡില് നടന്ന പൊതുസമ്മേളനത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. രണ്ടു തവണ മുഖ്യമന്ത്രിയായ പ്രേംകുമാര്‍ ധുമലിന്റെ പേര് പൊതുസമ്മേളനത്തില്‍ നാടകീയമായാണ് പ്രഖ്യാപിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെയായിരിക്കും മുഖ്യമന്ത്രിയാക്കുകയെന്നായിരുന്നു നേരത്തെ ഉയര്‍ന്നുകേട്ടിരുന്നത്. ഉത്തര്‍പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ് മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചത്. അതുവരെ ആരെയും ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാതെ തന്ത്രപരമായ നീക്കമായിരുന്നു ബി.ജെ.പി നടത്തിയിരുന്നത്.
എന്നാല്‍ ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുതിര്‍ന്ന നേതാവായ ധുമലിനെ ഒഴിവാക്കി നദ്ദയെ മുഖ്യമന്ത്രിയാക്കിയാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവാണ് ധുമലിന്റെ പേര് ഉയര്‍ത്തിക്കാട്ടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.
പാര്‍ട്ടിയില്‍ ഒരു വിഭാഗം നദ്ദയ്ക്കുവേണ്ടി വാദിച്ചിരുന്നു. എന്നാല്‍ പ്രശ്നം കൈവിട്ടകളിയായിരിക്കുമെന്ന് തിരിച്ചറിഞ്ഞ നേതൃത്വം നദ്ദയെ മനപൂര്‍വം ഒഴിവാക്കി ധുമലിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."