സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പമുള്ള ചിത്രങ്ങള്‍; അന്വേഷണം വേണമെന്ന് ടി. സിദ്ദീഖും ഫിറോസും
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുല്ലൈസുമൊത്ത് യു.ഡി.എഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത്. ദുബൈ സന്ദര്‍ശത്തിനിടെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖും യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസും അബുല്ലൈസിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്.
അതേസമയം, അബുല്ലൈസിനെ നേരിട്ടോ അല്ലാതെയോ പരിചയമില്ലെന്ന് ടി സിദ്ദീഖ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള കുന്ദമംഗലത്തെ സ്ഥാനാര്‍ഥി എന്ന നിലയിലാണ് തരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി കൂടിയായ പി.കെ ഫിറോസിനൊപ്പം ദുബൈ സന്ദര്‍ശിച്ചത്.
ദുബൈയിലെ ഒ.ഐ.സി.സി, കെ.എം.സി.സി സംഘടനകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. അപ്പോള്‍ നൂറുകണക്കിന് ആളുകള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടെന്നും അബുല്ലൈസ് അതിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും സിദ്ദീഖ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടുകയാണ്.
നിരപരാധികളായ തന്നെയും ഫിറോസിനെയും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞ ഇടത് എം.എല്‍.എമാരെ സംരക്ഷിക്കാനാണ്. അബുല്ലൈസാണ് തങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് തങ്ങളെക്കൂടി വലിച്ചിഴച്ച് ആരോപണത്തിന്റെ ദിശമാറ്റാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അബുല്ലൈസിനെ പരിചയമുണ്ടെന്നും കള്ളക്കടത്തുകാരനാണെന്ന് അറിയാമെന്നും എം.എല്‍.എമാര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അക്കാര്യം പ്രത്യേക ഏജന്‍സി തന്നെ അന്വേഷിക്കണം. തങ്ങളുടെ ഫോട്ടോഉള്‍പ്പെടുത്തി വിവാദം സൃഷ്ടിച്ചതിന്റെ നിജസ്ഥിതിയും അന്വേഷണ വിധേയമാക്കണം.
കൊടുവള്ളിയിലെ കുഴല്‍പ്പണ- സ്വര്‍ണക്കടത്ത് ലോബിയുമായി ഇടതു നേതാക്കള്‍ക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. അവരുടെ ജീര്‍ണത മറച്ചുപിടിക്കാന്‍ സത്യസന്ധരായ പൊതുപ്രവര്‍ത്തകരെ കളങ്കിതരാക്കാനാണ് നീക്കമെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. അബുല്ലൈസുമായി ബന്ധമില്ലെന്ന് പി.കെ ഫിറോസും പറഞ്ഞു. ചിത്രത്തിന്റെ ആധികാരികത പരിശോധിക്കണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അബുല്ലൈസ് ആറ് മാസം മുന്‍പ് നാട്ടിലെത്തിയിരുന്നതായി ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചു. കോഫേപോസ ചുമത്തപ്പെട്ടയാള്‍ മൂന്ന് തവണയിലധികം കേരളത്തിലെത്തിയിട്ടും പിടികൂടാന്‍ കഴിയാത്തത് പൊലിസിന്റെ വീഴ്ചയാണെന്നാണ് ഡി.ആര്‍.ഐ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."