കോടതി വിധികളായാലും തിരുത്തേണ്ടവ തിരുത്തണം: എ.കെ ആന്റണി
കോഴിക്കോട്: കലാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യവും കോടതി പരാമര്‍ശങ്ങളും' തുറന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് എല്ലാ കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള തീരുമാനം കൈക്കൊള്ളണം. വിദ്യാര്‍ഥികള്‍ നേടിയെടുത്ത അവകാശങ്ങള്‍ എടുത്തുകളയാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.
കോടതി വിധികളായാലും തിരുത്തേണ്ടവ തിരുത്തണം. എതിര്‍ക്കേണ്ടവ എതിര്‍ക്കണം. തിരുവായ്‌ക്കെതിര്‍വാ ഉണ്ടാവണം.
സമരം ചെയ്യാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടാവണം. വിദ്യാഭ്യാസ സംഘടനകള്‍ അന്യമായ കാംപസുകള്‍ പട്ടാള ക്യാംപുകളാവും. ഒരു കലാലയത്തില്‍ ഒരു സംഘടന മാത്രമേ ആവശ്യമുള്ളൂവെന്നത് ഏകാധിപത്യ പ്രവണതയാണ്.
വിദ്യാര്‍ഥി രാഷ്ട്രീയം കലാലയങ്ങളില്‍നിന്ന് ഇല്ലാതായാല്‍ മത-തീവ്രവാദ ശക്തികളാവും പിടിമുറുക്കുക. സംഘടനാ സ്വാതന്ത്ര്യമില്ലാതായാല്‍ കലാലയങ്ങളില്‍ ഇടിമുറികളും ഇരുട്ട് മുറികളുമുണ്ടാകും. ഏറ്റവും വലിയ തിരുത്തല്‍ ശക്തിയാണ് യുവാക്കളും വിദ്യാര്‍ഥികളും. എല്ലാ പ്രസ്ഥാനത്തിലും സ്ഥാപനത്തിലും തിരുത്തല്‍ശക്തികള്‍ ഉയര്‍ന്നുവരണം. വിയോജിപ്പുകളെയും അന്വേഷണത്വരയെയും അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും ആന്റണി പറഞ്ഞു. വിദ്യാര്‍ഥി രാഷ്ട്രീയം ഇല്ലാതായാല്‍ മത-തീവ്രവാദ-ഫാസിസ്റ്റ് ശക്തികളാവും കലാലയങ്ങള്‍ കീഴടക്കുകയെന്ന് തുടര്‍ന്ന് സംസാരിച്ച മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അധ്യക്ഷനായി. കെ.ടി കുഞ്ഞിക്കണ്ണന്‍, എം.ഐ ഷാനവാസ് എം.പി, ഹമീദ് ചേന്നമംഗല്ലൂര്‍, എം.കെ രാഘവന്‍ എം.പി, കെ.പി കുഞ്ഞിക്കണ്ണന്‍, സി.എന്‍ ചന്ദ്രന്‍, അഡ്വ. ടി. സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."