പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയത്തെ സംരക്ഷിക്കാനായി സര്‍ക്കാര്‍ തുടങ്ങിവച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പാതിവഴിയില്‍. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച് മാസങ്ങളായിട്ടും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ യജ്ഞത്തിന് യാതൊരു സ്വാധീനവും ചെലുത്താനായിട്ടില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനങ്ങളും പ്രസംഗങ്ങളുമല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പദ്ധതിക്കായുള്ള പ്രായോഗിക പ്രവര്‍ത്തനപദ്ധതികള്‍ പോലും ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ല. അഞ്ചുവര്‍ഷം കൊണ്ട് ആയിരംകോടി മുതല്‍മുടക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ ഓരോ വര്‍ഷവും ചെയ്യേണ്ട കാര്യങ്ങളുടെ വ്യക്തതയായിട്ടില്ല.
ഓരോ വര്‍ഷവും ചെയ്യേണ്ട കാര്യങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ അവലോകന സമിതി രൂപീകരിച്ചതല്ലാതെ താഴേത്തട്ടിലെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാസമിതി, മണ്ഡലം സമിതി, പഞ്ചായത്ത് സമിതി സ്‌കൂള്‍ സമിതി എന്നിവയൊന്നും രൂപീകരിക്കപ്പെട്ടിട്ടില്ല. ചില നിയമസഭാസാമാജികര്‍ തങ്ങളുടെ മണ്ഡലത്തില്‍ ചെയ്യുന്ന ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എങ്ങുമെത്തിയില്ലെന്നതാണ് വസ്തുത.
പത്തുവര്‍ഷം മുന്നില്‍ക്കണ്ട് തനത് പദ്ധതികള്‍ തയാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇത്തരം പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെങ്കില്‍ ശാസ്ത്രാവബോധവും സാങ്കേതിക അറിവുമുള്ള അധ്യാപകര്‍ ഓരോ സ്‌കൂളിനും അനിവാര്യമാണ്. ഇതിന്റെ അഭാവമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ പുറകോട്ടടിക്കുന്നത്. സാങ്കേതിക പിന്തുണ ആവശ്യമായ എസ്.എസ്.എയും ആര്‍.എം.എസ്.എയും നിര്‍ജീവമാണെന്നുള്ളന്നതാണ് മറ്റൊരു വസ്തുത. സ്‌കൂളുകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ സഹായിക്കേണ്ട ഡയറ്റുകളുടെ കാര്യവും പരിതാപകരമാണ്. സംസ്ഥാനത്തെ ഡയറ്റുകളിലൊന്നിലും വേണ്ടത്ര അധ്യാപകരില്ല. 21 അധ്യാപകര്‍ വേണ്ടിടത്ത് ആകെയുള്ളത് ആറോ ഏഴോ പേരാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളെ ഹൈടെക്ക് ആക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഇതിന്റെ ചുമതലയുള്ള ഐ.ടി അറ്റ് സ്‌കൂളാകട്ടെ കമ്പനിവത്ക്കരണത്തിന്റെ പാതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."