ബഹുമതി മുദ്ര ഇനി പൊലിസിലെ എല്ലാ വിഭാഗങ്ങള്‍ക്കും
തിരുവനന്തപുരം: കുറ്റാന്വേഷണ രംഗത്തെ മികവിന് പൊലിസ് സേനാംഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ബഹുമതിമുദ്ര (ബാഡ്ജ് ഓഫ് ഓണര്‍) ഇനി പൊലിസിലെ മറ്റു വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി.
കുറ്റാന്വേഷണത്തിനു പുറമേ ക്രമസമാധാനപാലനം, ട്രാഫിക് നിയന്ത്രണം, ഇന്റലിജന്‍സ്, പ്രത്യേക പദ്ധതികളുടെ നിര്‍വഹണം, കോസ്റ്റല്‍, റെയില്‍വേ പൊലിസിങ്, ഫോട്ടോഗ്രഫി, ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റിങ്, വിവരവിനിമയം തുടങ്ങിയ വ്യത്യസ്ത മേഖലകളിലുള്ള സേനാംഗങ്ങള്‍ക്ക് ഇത് നല്‍കും.
റാങ്ക് വ്യത്യാസമില്ലാതെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ബഹുമതി മുദ്ര നല്‍കുക. ആകെ 200 ബാഡ്ജ് ഓഫ് ഓണറുകളാണ് നല്‍കുന്നത്. ഇതില്‍ 100 എണ്ണം കുറ്റാന്വേഷണ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇന്റലിജന്‍സ് വിഭാഗത്തില്‍ 25 എണ്ണവും ട്രാഫിക് വിഭാഗത്തില്‍ 15 എണ്ണവും ട്രെയിനിങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്, ക്രമസമാധാനപാലനം തുടങ്ങിയ വിഭാഗങ്ങളില്‍ പത്ത് വീതവും ജനമൈത്രി, സ്റ്റുഡന്റ് പൊലിസിങ്, സ്ത്രീസുരക്ഷ, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങളുടെ തടയല്‍ എന്നിവയ്‌ക്കെല്ലാമായി പത്തും വിവരവിനിമയം, ബോധവല്‍ക്കരണം, കോസ്റ്റല്‍ പൊലിസിങ്, റെയില്‍വേ പൊലിസിങ്, ഫോട്ടോഗ്രഫി, ഫോറന്‍സിക് സയന്‍സ്, ഡോഗ് സ്‌ക്വാഡ് എന്നിവയ്‌ക്കെല്ലാമായി പത്ത് എണ്ണവും നല്‍കും.
ഇതുവരെ എല്ലാ അര്‍ധ വര്‍ഷത്തെയും പ്രവര്‍ത്തനങ്ങളായിരുന്നു ബഹുമതി മുദ്രക്കായി വിലയിരുത്തിയിരുന്നത്. എന്നാല്‍, ഇനി ഒരു കലണ്ടര്‍ വര്‍ഷം മൊത്തത്തിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയാകും ബഹുമതി മുദ്ര നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."