വിമാന ലാന്റിങ് സുരക്ഷക്കായി ഡി.ജി.സി.എയുടെ കര്‍ശന നിര്‍ദേശം
കൊണ്ടോട്ടി: വിമാന ലാന്റിങ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ)യുടെ പുതിയ കര്‍ശന നിര്‍ദേശങ്ങള്‍. പ്രതികൂല കാലാവസ്ഥയിലടക്കം വിമാനങ്ങളുടെ പറന്നിറങ്ങലിന് സാധ്യമാകുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.സി.എ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം നല്‍കി.റണ്‍വേയില്‍ പക്ഷിശല്യം ഒഴിവാക്കല്‍, പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറക്കുമ്പോള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയവയാണ് പൂര്‍ത്തീകരിക്കേണ്ടത്.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ പക്ഷികളും ചെറിയ മൃഗങ്ങളും വിമാനങ്ങളില്‍ ഇടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതൊഴിവാക്കാനായി റണ്‍വേക്ക് മുകളിലെ പക്ഷികളെയും റണ്‍വേയില്‍ കയറുന്ന മൃഗങ്ങളെയും തുരത്താന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം. ഇതിന് പ്രാദേശിക ഭരണ കൂടങ്ങളുമായി ചേര്‍ന്ന് പരിസര ശുചീകരണം നടത്തണം. റണ്‍വേയില്‍ പക്ഷികളെ തുരത്തുന്നതിന് ഇടയ്ക്കിടെ പരിശോധന നടത്തണം. റണ്‍വേ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മാലിന്യം കുമിഞ്ഞുകൂടുന്നതും ഒഴിവാക്കണം. എയര്‍പോര്‍ട്ടുകളിലെ ഡ്രെയിനേജ് സംവിധാനം പരിശോധിക്കുകയും നിലനിര്‍ത്തുകയും വേണം.
പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങളുടെ ലാന്റിങ് തടസവും അപകടാവസ്ഥയും ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. മഴ, മൂടല്‍ മഞ്ഞ് തുടങ്ങിയവ ശക്തമാകുമ്പോഴുണ്ടാകുന്ന കാഴ്ചക്കുറവിന് റണ്‍വേയില്‍ മുന്‍കൂട്ടി നേര്‍രേഖ അടയാളപ്പെടുത്തണം. റണ്‍വേയിലും ഉപരിതല മേഖലയിലും നിരീക്ഷണം ശക്തമാക്കണം. റണ്‍വേ ഘര്‍ഷണ ശേഷി നിലനിര്‍ത്തണം. നാവിഗേഷന്‍, കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളണം.പ്രതികൂല കാലാവസ്ഥകളില്‍ കാണപ്പെടുന്ന ഉയര്‍ന്ന കാറ്റ് വിമാനലാന്റിങ് സമയത്ത് അപകടം വിളിച്ചുവരുത്തും. ചക്രങ്ങളുടെ ഇരുവശത്തും പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്നും എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റണ്‍വേയുടെ ഓരത്തും വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന റണ്‍വേ ഏപ്രണിലും നിര്‍ത്തുന്ന ഗ്രൗണ്ട് വാഹനങ്ങള്‍, സ്‌റ്റെപ്പ് എന്‍ഡറുകള്‍, ബാഗേജ് ട്രോളികള്‍ എന്നിവ വിമാനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയില്ലാതെ സൂക്ഷിക്കണം. വിമാനത്തില്‍ ഗോവണി ഇടിച്ചും ചെറിയ വാഹനങ്ങളിടിച്ചും അശ്രദ്ധ മൂലവും ഉണ്ടാകുന്ന അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. ഇവ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണം. വിമാനങ്ങള്‍ റണ്‍വേയിലേക്ക് നീങ്ങിക്കഴിഞ്ഞാല്‍ ഗോവണിയും വാഹനങ്ങളും ഏപ്രണില്‍നിന്ന് മാറ്റണമെന്നും ഡി.ജി.സി.എ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."