ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം
ടോക്യോ: ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ കലാശപ്പോരിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതിനാല്‍ സഡഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ 5-4നാണ് വനിതകള്‍ അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ജയത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ഹോക്കി ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.
പൂള്‍ മത്സരത്തില്‍ ലോക എട്ടാം നമ്പര്‍ ടീമായ ചൈനയെ 4-1ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കടുത്ത ആക്രമണത്തോടൊപ്പം മികച്ച പ്രതിരോധവും ഇരുടീമുകളും കാഴ്ച്ചവച്ചതോടെ ഗോള്‍ നേടുക പ്രയാസമായി. 25ാം മിനുട്ടില്‍ ഇന്ത്യയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. നവജോത് കൗറായിരുന്നു സ്‌കോറര്‍. പിന്നീട് ചൈനയുടെ ശ്രമങ്ങളെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. 47ാം മിനുട്ടില്‍ ടിയാന്‍ടിയാന്‍ ലൂവിലൂടെ ചൈന സമനില പിടിച്ചു. പിന്നീട് ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും വിജയ ഗോള്‍ നേടാനായില്ല.
തുടര്‍ന്ന് കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും നാലു ഗോളുകള്‍ വീതം വലയിലെത്തിച്ചു. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഇന്ത്യക്ക് വേണ്ടി റാണി രാംപാല്‍ പന്ത് വലയിലെത്തിച്ചു. എന്നാല്‍ ചൈനയുടെ കിക്കെടുത്ത ലിയാങ് മെയുവിന്റെ കിക്ക് പാഴായതോടെ ഇന്ത്യ ജയമുറപ്പിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ റാണി രാംപാല്‍, മോണിക്ക മാലിക്, നവജോത് കൗര്‍, ലിമിന മിന്‍സ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ നവനീത് കൗറിന്റെ ഷോട്ടാണ് പാഴായത്.
അതേസമയം ജയത്തോടെ 2009ലെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചൈനയോട് തോറ്റതിന് പ്രതികാരം തീര്‍ക്കാനും ഇന്ത്യക്ക് സാധിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പില്‍ കിരീടം നേടുന്നത്. 2004ല്‍ നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ജപ്പാനെ തോല്‍പ്പിച്ചാണ് ടീം അവസാനമായി കീരിടം നേടിയത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് കുതിപ്പെന്നതും നേട്ടത്തിന് ഇരട്ടിമധുരമായി. നേരത്തെ ഇന്ത്യയുടെ പുരുഷ ടീമും ഏഷ്യാകപ്പില്‍ കിരീടം നേടിയിരുന്നു. ദക്ഷിണകൊറിയ മാത്രമാണ് പുരുഷ-വനിത കിരീടങ്ങള്‍ ഒരുമിച്ച് നേടിയ ഏക ടീം.
ഏഷ്യാകപ്പില്‍ 28 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. നവനീത് കൗര്‍ അഞ്ചു ഗോളുകളുമായി ടോപ് സ്‌കോററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."