കുട്ടി സേവകര്‍
സ്‌കൂളില്‍ സേവനതത്പരരായ ഒരു കൂട്ടമുണ്ട്. വിദ്യാലയങ്ങളിലൊക്കെ വിവിധ പരിപാടികള്‍ നിയന്ത്രിച്ച് അവരുണ്ടാവും. കലാമേളകളില്‍, കായികമേളകളില്‍, ജനത്തിരക്കേറിയ ജങ്ഷനുകളില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് അവരുണ്ടാകും സേവനനിരതരായി. എല്ലായ്‌പ്പോഴും സന്നദ്ധസേവകരായി എത്തുന്ന അവരെ നാം അറിയുന്നത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്ന പേരിലാണ്. സര്‍ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ സ്മിത്ത് ബേഡന്‍ പവ്വലായിരുന്നു സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍.
തുടക്കം ഇങ്ങനെ
തെക്കേ ആഫ്രിക്കയിലെ ട്രാന്‍സ്‌വാള്‍ എന്ന രാജ്യത്തിലെ മെഫെകിങ് പട്ടണം. ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ആ പട്ടണത്തിന് തദ്ദേശവാസികളായ ബോവര്‍ വര്‍ഗക്കാര്‍ ഉപരോധമേര്‍പ്പെടുത്തി. പട്ടണത്തില്‍ ആഹാരസാധനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാവാതെ വന്നു. മുതിര്‍ന്നവര്‍ യുദ്ധം ചെയ്യാന്‍ പോയതിനാല്‍ പട്ടണത്തിന്റെ ആഭ്യന്തരകാര്യങ്ങള്‍ ആകെ താറുമാറായി. എഡ്വേര്‍ഡ് സെസില്‍ ഇതിനൊരു പരിഹാരം കണ്ടെത്തി. അദ്ദേഹം ഒരു കൂട്ടം ബാലന്മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി. അവര്‍ പട്ടണത്തിന്റെ ആഭ്യന്തരകാര്യങ്ങള്‍ നിയന്ത്രിച്ചു.
എഡ്വേര്‍ഡ് സെസിലിന്റെ സുഹൃത്തായിരുന്നു ബേഡന്‍ പവ്വല്‍. കുട്ടികളുടെ സത്യസന്ധമായ പ്രവര്‍ത്തനവും അതിലൂടെ നേടിയെടുക്കാന്‍ സാധിച്ച നേട്ടവും ബേഡന്‍ പവ്വലിനെ ചിന്തിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് കുട്ടികളുടെ കൂട്ടം രൂപീകരിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയത്.
ഇംഗ്ലീഷ് ചാനലിലുള്ള ബ്രൗണ്‍സി ദ്വീപിലെ 21 കുട്ടികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. വിവിധ പശ്ചാത്തലത്തില്‍ നിന്നു വരുന്നവരായിരുന്നു ആ കുട്ടികള്‍. ആ കൂട്ടായ്മ വലിയ വിജയമായി മാറി. അവരുടെ പിന്‍മുറക്കാരാണ് ഇന്നത്തെ കുട്ടി സേവകര്‍.
ഇന്ത്യയില്‍
1909ല്‍ ക്യാപ്റ്റന്‍ ടി.എച്ച് ബേക്കറാണ് ബാംഗ്ലൂരില്‍ ബോയ്‌സ് സ്‌കൗട്ട് അസോസിയേഷന്‍ ആരംഭിക്കുന്നത്. പിന്നീട് വിവിധ നഗരങ്ങളില്‍ ട്രൂപ്പുകള്‍ ആരംഭിച്ചു. ഇവയൊക്കെയും ബ്രിട്ടീഷുകാരുടേതായിരുന്നു. മദന്‍മോഹന്‍ മാളവ്യ, ശ്രീറാം ബാജ്പായി തുടങ്ങിയവര്‍ ചേര്‍ന്ന് അലഹബാദ് കേന്ദ്രമാക്കി ഒരു സംഘടന ആരംഭിച്ചു. സേവ സമിതി സ്‌കൗട്ട് അസോസിയേഷന്‍ എന്നായിരുന്നു പേര്. ഇതേ കാലത്ത് ആനി ബസന്റ് നേതൃത്വം നല്‍കി ഇന്ത്യന്‍ ബോയ്‌സ് സ്‌കൗട്ട് അസോസിയേഷന്‍ മദ്രാസ് (ഇപ്പോള്‍ ചെന്നൈ)കേന്ദ്രമാക്കി ആരംഭിച്ചു. ഇതുപോലെ നിരവധി അസോസിയേഷനുകള്‍ രൂപീകരിക്കപ്പെട്ടു.
ഇവയെ ഒന്നിപ്പിക്കാന്‍ ശ്രമം നടന്നുവെങ്കിലും സാധ്യമായില്ല. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ സംഘടനകളെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തി.1950 നവംബര്‍ ഏഴിന് എല്ലാ സംഘടനകളും ഒന്നായി ചേര്‍ന്നു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രൂപീകരിക്കപ്പെട്ടു. 1951 ആഗസ്റ്റ് 15ന് ഗേള്‍സ് ഗൈഡ്‌സ് അസോസിയേഷനും ഇതില്‍ ചേര്‍ന്നതോടെ എകോപനം പൂര്‍ത്തിയായി. പ്രായത്തിനനുസരിച്ച് സ്‌കൗട്ടിനും ഗൈഡ്‌സിനും മൂന്ന് വിഭാഗങ്ങളാണുള്ളത്.
ബാഡ്ജുകള്‍
വ്യത്യസ്ത കാലഘട്ടങ്ങള്‍ക്കനുസരിച്ച് ആറ് ബാഡ്ജുകളായി തിരിച്ചിരിക്കുന്നു.
1.പ്രവേശ്: സ്‌കൗട്ടിലെ ആദ്യത്തെ ബാഡ്ജ് ആണിത്. പ്രവേശ് ബാഡ്ജ് ലഭിക്കും വരെ റിക്രൂട്ട് ആയാണ് അവര്‍ അറിയപ്പെടുന്നത്. സ്‌കൗട്ടിങ്ങിലേക്കുള്ള അംഗത്വമാണ് പ്രവേശ് എന്ന് പറയാം.
2.പ്രഥമ സോപാന്‍: പ്രവേശിന് ശേഷം ആറ് മാസം കഴിഞ്ഞാണ് പ്രഥമ സോപാന്‍ നല്‍കുന്നത്.
3. ദ്വിതീയ സോപാന്‍: പ്രഥമ സോപാനുശേഷം ഒന്‍പത് മാസം ദ്വിതീയ സോപാന്‍ അനുസരിച്ചുള്ള വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിലെ അറിവ് പരിശോധിക്കും. പ്രാദേശിക അസോസിയേഷനുകളാണ് ഇത് നടത്തുക.
4.തൃതീയ സോപാന്‍: ദ്വിതീയ സോപാന്‍ നേടിയശേഷം ഒന്‍പത് മാസം തൃതീയ സോപാന്‍ സിലബസ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ജില്ലാ അസോസിയേഷനുകള്‍ തൃതീയ സോപാന്‍ പുരസ്‌കാരം നല്‍കും.
5. രാജ്യപുരസ്‌കാര്‍ സ്‌കൗട്ട് ഗൈഡ്: സംസ്ഥാനങ്ങളിലെ സ്‌കൗട്ട് പ്രസ്ഥാനത്തിന് നല്‍കുന്ന ഉയര്‍ന്ന പുരസ്‌കാരമാണ് രാജ്യപുരസ്‌കാര്‍. ഗവര്‍ണറാണ് പുരസ്‌കാരം നല്‍കുന്നത്. രാജ്യപുരസ്‌കാര്‍ ലഭിച്ച വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സിക്ക് 24 ഗ്രേസ് മാര്‍ക്ക് ലഭിക്കും.
6. രാഷ്ട്രപതി സ്‌കൗട്ട് ഗൈഡ്‌റോവര്‍റയ്ഞ്ചര്‍: സ്‌കൗട്ട് പ്രസ്ഥാനത്തിലെ സംസ്ഥാനത്തെ പരമോന്നത പുരസ്‌കാരമാണ് ഇത്. രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുക. 1961ലാണ് സ്‌കൗട്ട് ഗൈഡ് പുരസ്‌കാരങ്ങള്‍ നല്‍കിത്തുടങ്ങിയത്.1971ലാണ് റോവര്‍ റയ്ഞ്ചര്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പ്രതിജ്ഞ
ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിര്‍വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്‌കൗട്ട് ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
ബേഡന്‍ പവ്വല്‍
സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ സ്മിത്ത് ബേഡന്‍ പവ്വല്‍ 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാന്‍ഹോപ്പിലാണ് ജനിച്ചത്. ടണ്‍ബ്രിഡ്ജ് വെല്‍സ്-റോസ് ഹില്‍ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചാര്‍ട്ടര്‍ ഹൗസില്‍ ചേര്‍ന്നു. 1876ല്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനന്റ് ജനറല്‍ ആയിരിക്കേയാണ് സ്‌കൗട്ട് പ്രസ്ഥാനത്തിനായി സമയം നീക്കിവച്ചത്.
അദ്ദേഹത്തിന്റെ സഹോദരിയായ ആഗ്നസ് ബേഡല്‍ പവ്വലാണ് ഗേള്‍സ് ഗൈഡ് പ്രസ്ഥാനം ആരംഭിച്ചത്. 1941 ജനുവരി എട്ടിന് കെനിയയില്‍ ബേഡന്‍ പവ്വല്‍ അന്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."