ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കില്ലെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സുപ്രിംകോടതിയില്‍ നിലപാടറിയിച്ചു. അന്തര്‍സംസ്ഥാന സ്വഭാവമുള്ള കേസല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ തീരുമാനം ഇന്നറിയിക്കണമെന്ന് സുപ്രിംകോടതി ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ നേരത്തെ ബെഞ്ച് ഉത്തരവിട്ടിരുന്നു.
കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കേരളത്തിന്റെ വിജ്ഞാപനം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ, കോടതിയെ അറിയിച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും, സി.ബി.ഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു.
ഇന്ന് തീരുമാനം അറിയിച്ചില്ലെങ്കില്‍ സി.ബി.ഐക്ക് അന്വേഷണം വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള ലക്കിടി കോളജിലെ ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത കേസുകളില്‍ പ്രതികളായ കൃഷ്ണദാസ് അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയാണ് നിലവില്‍ കോടതി മുന്‍പാകെയുള്ളത്.
നിലവില്‍ കേസന്വേഷിക്കുന്ന കേരളാ പൊലിസിന്റെ നടപടി ശരിയായ ദിശയിലല്ലെന്നും അതിനാല്‍ എത്രയുംവേഗം കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങണമെന്നും ആവശ്യപ്പെട്ട് ഈ കേസില്‍ ജിഷ്ണുവിന്റെ അമ്മ മഹിജ കഴിഞ്ഞമാസം കക്ഷിചേര്‍ന്നിരുന്നു. പത്തു മാസത്തെ അന്വേഷണത്തില്‍ കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും മഹിജ ഹരജിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."