താന്‍ കൊലയാളിയെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ്
ഹാനോയ്: താനൊരു കൊലപാതകിയാണെന്നു വീണ്ടും പ്രഖ്യാപിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദ്യൂത്തര്‍ദോ. തന്റെ 16ാം വയസില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാ-പസഫിക് ഇക്കണോമിക് കോ ഓപറേഷന്‍ (അപെക്) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിയറ്റ്‌നാമിലെ ദനാങ്ങിലെത്തിയ അദ്ദേഹം അവിടെ ഫിലിപ്പൈന്‍സ് വംശജരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു.
എന്നാല്‍, കൊലപാതകം നടത്തിയെന്ന പ്രസിഡന്റിന്റെ പ്രസ്താവന വെറും തമാശയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ദാവോയിലെ മേയറായിരുന്നപ്പോള്‍ കുറ്റവാളിയാണെന്നു സംശയമുള്ള ഒരാളെ കൊലപ്പെടുത്തിയിരുന്നുവെന്നു ദ്യൂത്തര്‍ദോ മുന്‍പും വെളിപ്പെടുത്തിയിരുന്നു.
മയക്കുമരുന്നിന്റെ പേരില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഫിലിപ്പൈന്‍സില്‍ നടത്തുന്ന വേട്ടയ്‌ക്കെതിരേ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
മയുക്കുമരുന്ന് ഇടപാടില്‍ പങ്കാളിത്തമുള്ളവരെ കൊലപ്പെടുത്താന്‍ ദ്യൂത്തര്‍ദോ പൊലിസിന് അനുമതി നല്‍കുകയും ചെയ്തു. രാജ്യത്തുള്ള 30 ലക്ഷത്തോളം മയക്കുമരുന്ന് ഉപയോക്താക്കളെ കൊല്ലുന്നതില്‍ തനിക്കു സന്തോഷമേയുള്ളൂവെന്നും അദ്ദേഹം മുന്‍പു പറഞ്ഞിരുന്നു.
'മനുഷ്യാവകാശ സംഘടനകള്‍ ഫിലിപ്പൈന്‍സില്‍ മാത്രം ശ്രദ്ധിക്കരുത് '
ഹാനോയ്: മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ഫിലിപ്പൈന്‍സിനെ കുറ്റപ്പെടുത്തിയ മനുഷ്യാവകാശ സംഘടനകള്‍ക്കെതിരേ പ്രസിഡന്റ് റോഡ്രിഗോ ദ്യൂത്തര്‍ദോ. ഫിലിപ്പൈന്‍സിലെ അവകാശ പ്രശ്‌നങ്ങള്‍ മാത്രമല്ല, ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും വിഷയങ്ങളില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചില വിദേശ രാജ്യങ്ങളില്‍ മയക്കുമരുന്നിന്റെ പേരില്‍ ഫിലപ്പൈന്‍സിലേതിനെക്കാള്‍ വലിയ നടപടികള്‍ നടക്കുന്നുണ്ട്. മയക്കുമരുന്നിന്റെ പേരില്‍ ഇപ്പോള്‍ കൊല്ലപ്പെടുന്നവരെക്കാള്‍ ഭാവിയില്‍ ഇതേ കാരണത്താല്‍ മരിക്കേണ്ടിവരുന്ന കുട്ടികളുള്‍പ്പെടെയുള്ളവരുടെ ഭാവിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."