യു.എസ് സെനറ്റ് സ്ഥാനാര്‍ഥിക്കെതിരേ ലൈംഗികാരോപണം
വാഷിങ്ടണ്‍: ഡിസംബറില്‍ അമേരിക്കന്‍ സെനറ്റിലേക്കു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിക്കെതിരേ ലൈംഗികാരോപണം. എഴുപതുകാരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോയ് മൂറിനെതിരേ ആരോപണവുമായി നാലു സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്.
അലബാമയില്നിന്നാണ് നേരത്തേ ചീഫ് ജഡ്ജായിരുന്ന ഇദ്ദേഹം സെനറ്റിലേക്കു മത്സരിക്കുന്നത്. തനിക്കു 14 വയസ് പ്രായമുള്ളപ്പോള്‍ മൂര്‍ പീഡിപ്പിച്ചെന്നാണ് ലെയ് കോര്ഫ്മന് എന്ന 53കാരി വെളിപ്പെടുത്തിയിരിക്കുന്നത്. 1979ല്‍ ഈ സംഭവം നടക്കുമ്പോള്‍ മൂറിനു 32 വയസായിരുന്നു പ്രായം. അന്നു അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോര്‍ണിയായിരുന്ന മൂര്‍ കോടതി ഹിയറിങ് റൂമിനു പുറത്തുവച്ചു തന്റെ ഫോണ്‍ നമ്പര്‍ വാങ്ങിച്ചെന്നു ആരോപണമുന്നയിച്ച സ്ത്രീ പറയുന്നു. മാതാവിന്റെ കേസുമായി ബന്ധപ്പെട്ട് അവരോടൊപ്പം കോടതിയിലെത്തിയതായിരുന്നു ഇവര്‍. പിന്നീട് മൂറിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ഇവര്‍ വെളിപ്പെടുത്തി. മറ്റു മൂന്നുപേരെയും ഇത്തരത്തില്‍ പീഡിപ്പിച്ചതായി ആരോപണമുണ്ട്.
സംഭവം വിവാദമായതിനെ തുടര്‍ന്നു മൂറിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എതിര് വിഭാഗംതന്നെ രംഗത്തെത്തിയിട്ടുണ്ട്. ആരോപണം സത്യമെന്നു തെളിഞ്ഞാല്‍ മൂര്‍ മത്സരത്തില്‍നിന്നു പിന്മാറേണ്ടിവരുമെന്നു സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് മെക്കോണല്‍ പറഞ്ഞു. എന്നാല്‍, ആരോപണം വ്യാജമാണെന്നും മത്സരത്തില്‍നിന്നു പിന്മാറില്ലെന്നും പ്രഖ്യാപിച്ച് റോയ് മൂറും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തേ, അലബാമയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകുന്നതിനു പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച ലൂതര്‍ സ്ട്രെയ്ഞ്ചിനെ തോല്പിച്ചാണ് മൂര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."