ഇസ്റാഈലില്‍നിന്ന് 10,000 അഭയാര്‍ഥികളെ സ്വീകരിക്കാനൊരുങ്ങി റുവാണ്ട
കിഗാലി: ആഫ്രിക്കന്‍ അഭയാര്‍ഥികളായ പതിനായിരം പേരെ ഇസ്റാഈലില്‍നിന്ന് ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി റുവാണ്ട. ഇതുമായി ബന്ധപ്പെട്ട് ഇസ്റാഈലുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് റുവാണ്ട വിദേശകാര്യ മന്ത്രി ലൂയിസ് മുഷ്കിബാവോ അറിയിച്ചു.
നിലവില്‍ ഇസ്റാഈലിലുള്ള ആഫ്രിക്കന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ ഉടന്‍ കരാറിലെത്തും. റുവാണ്ടയിലേക്കു തിരികെവരാനാഗ്രഹിക്കുന്നവരെ സ്വീകരിക്കാന്‍ രാജ്യം ഒരുക്കമാണെന്നും അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭയാര്‍ഥി കൈമാറ്റം എപ്പോഴാണ് നടക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്റാഈലിലുള്ള നാല്പതിനായിരത്തോളം അഭയാര്‍ഥികളെ പുറത്താക്കാന്‍ തീരുമാനിച്ചതായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു നേരത്തേ പ്രസ്താവിച്ചിരുന്നു.
ഒന്നുകില്‍ ഇസ്റാഈലില്‍ സ്ഥിരംതടവ്, അല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തേക്കുള്ള കൈമാറ്റം എന്നിവയായിരുന്നു അഭയാര്‍ഥികള്‍ക്കു മുന്നില്‍ ഇസ്റാഈല്‍ വ്യക്തമാക്കിയ നിലപാട്.
ഒരു അഭയാര്‍ഥിയെ ഏറ്റെടുക്കുന്നതിന് 5,000 ഡോളര്‍ വീതം ഇസ്റാഈല്‍ റുവാണ്ടയ്ക്കു നല്‍കുമെന്നാണ് വിവരം. കൂടാതെ ഓരോ അഭയാര്‍ഥിക്കും 3,500 ഡോളറും വിമാന ടിക്കറ്റും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."