എണ്ണ ഉത്പാദന നിയന്ത്രണം ഉപേക്ഷിക്കാന്‍ ഒരുങ്ങി ഒപെക് രാജ്യങ്ങള്‍
ജിദ്ദ: എണ്ണ ഉത്പാദന നിയന്ത്രണം എടുത്തുമാറ്റാന്‍ ഒരുങ്ങി ഒപെക് - ഒപെക് ഇതര രാജ്യങ്ങള്‍. കുവൈത്ത് പെട്രോളിയം മന്ത്രി നിസാം അല്‍ മര്‍സൂഖ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 അവസാനം വരെ ഉത്പാദന നിയന്ത്രണം തുടരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ക്രൂഡോയില്‍ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം നേരത്തെ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് ഉത്പാദക രാജ്യങ്ങള്‍ ആലോചിക്കുന്നത്.
ജനുവരിയില്‍ ഒമാനില്‍ ചേരുന്ന ഒപെക് നോണ്‍ ഒപെക് സംയുക്ത അവലോകന സമിതി യോഗത്തില്‍ ഉത്പാദന നിയന്ത്രണം നീക്കുന്നത് സജീവ ചര്‍ച്ചയാവുമെന്നു സമിതി അധ്യക്ഷന്‍ കൂടിയായ കുവൈത്ത് പെട്രോളിയം മന്ത്രി പറഞ്ഞു. ഒറ്റയടിക്കു നിയന്ത്രണം പൂര്‍ണമായും നീക്കുന്നതിന് പകരം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്.
എണ്ണ ഉത്പാദന നിയന്ത്രണം വിവിധ രാജ്യങ്ങളുടെ ബജറ്റില്‍ കമ്മിയുണ്ടാക്കുന്നതു കൂടി പരിഗണിച്ചാണ് തീരുമാനം പുനപരിശോധിക്കുന്നത്.
മൂന്ന് വര്‍ഷം കൊണ്ട് ബാരലിന് 58 ഡോളര്‍ വരെ വില കുറക്കുക ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ തന്നെ ബാരലിന് 60 ഡോളറിലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണം നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്നാണ് അംഗരാജ്യങ്ങളില്‍ ചിലതിന്റെ അഭിപ്രായം.
റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നെവാകും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു. 2017 ജനുവരി ഒന്നുമുതലാണ് ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള നോണ്‍ ഒപെക് രാജ്യങ്ങളും സംയുക്തമായി ഉത്പാദന നിയന്ത്രണം നടപ്പാക്കിയത്. അന്ന് പ്രതിദിനം 18 ലക്ഷം ബാരല്‍ എന്ന തോതിലായിരുന്നു ഉത്പാദനം വെട്ടിക്കുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."