വാഴക്കര്‍ഷകര്‍ ആശങ്കയില്‍
കല്ലടിക്കോട്: വേനല്‍ മഴക്ക് പുറകെ കാലവര്‍ഷവും വേണ്ടത് പോലെ ലഭിക്കാത്തതിനാല്‍ വാഴ കര്‍ഷകര്‍ നിരാശയില്‍. വേനല്‍ കാലത്ത് കനാല്‍ വെള്ളം ലഭിച്ചത് കൊണ്ടാണ് കുറച്ചെങ്കിലും കൃഷിയെ പിടിച്ചു നിറുത്താനായത്. ഇടവപ്പാതിയോടെ മഴ ശക്തിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇടവിട്ട് മാത്രം പെയ്ത മഴ വാഴയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചു. ഓണത്തിന് മുന്‍പേ കമ്പോളങ്ങളില്‍ എത്തിക്കാമെന്ന കര്‍ഷകരുടെ പ്രതീക്ഷയാണ് ഇതോടെ തകര്‍ന്നത്.
വേനലില്‍ ആവശ്യമായ വെള്ളം എത്തിക്കുന്നതിനും മറ്റും സാധാരണയില്‍ കവിഞ്ഞ ചിലവുകളാണ് ഇത്തവണ ഉണ്ടായിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. ഓണത്തിനു മുന്‍പ് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഏറെക്കുറെ നഷ്ടങ്ങളില്ലാതെ മുന്നോട്ട് പോകാമായിരുന്നു.ഇത്തവണ നാട്ടിന്‍പുറങ്ങളില്‍ വാഴകൃഷി പൊതുവെ കുറവാണ്. അതുകൊണ്ട് തന്നെ വന്‍വിലയും പ്രതീക്ഷിച്ചിരുന്നു.
ഇപ്പോള്‍ തന്നെ അറുപതിനും എഴുപതിനും ഇടയിലാണ് ചെറുകിട വ്യാപാരങ്ങള്‍ നടക്കുന്നത്. അതും ആവശ്യത്തിന് ലഭിക്കുന്നില്ലതാനും. എന്നാല്‍ മഴ ചതിച്ചതും അതോടൊപ്പം പക്ഷി ശല്യവും കര്‍ഷകര്‍ക്ക് ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്. ഓണത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും മറ്റും ധാരാളമായി നേന്ത്ര പഴങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നതോടെ വന്‍ വിലയിടിവും ഉണ്ടാകും. കഴിഞ്ഞ വര്‍ഷം കാറ്റിലും മഴയിലും പെട്ട് വ്യാപകമായി കൃഷിക്ക് നാശം സംഭവിച്ചതിനാലാണ് ഇത്തവണ അധിക പേരും കൃഷി ഇറക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."