സഊദി റഷ്യയുമായി ആണവ കരാറില്‍ ഒപ്പുവച്ചു
റിയാദ്: സഊദിയില്‍ റഷ്യയുമായി ചേര്‍ന്ന് ആണവോര്‍ജ പ്ലാന്റ് നിര്‍മാണത്തിനായി ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഒക്ടോബറില്‍ സല്‍മാന്‍ രാജാവ് നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തില്‍ ധാരണയിലെത്തിയ പദ്ധതിക്കാണ് ഇന്നലെ ഔദ്യോഗിക അംഗീകാരമായത്.
റഷ്യയിലെ പ്രമുഖ കമ്പനിയായ റോസാറ്റം കമ്പനിയും സഊദിയിലെ കിങ് അബ്ദുല്ല സിറ്റി ഫോര്‍ അറ്റോമാറ്റിക് റിനീവബിള്‍ എനര്‍ജിയുമാണ് കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവച്ചത്.
ഊര്‍ജ ആവശ്യം മുന്നില്‍കണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. വൈദ്യുത ഉല്‍പാദനത്തിനായി ആഭ്യന്തര എണ്ണ ഉപഭോഗം കുറച്ച് ആണവോര്‍ജം ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് സഊദിയുടെ ലക്ഷ്യം. ഇതിനായി ഫ്രാന്‍സ്, ജപ്പാന്‍, കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.
വൈദ്യുതി ഉല്‍പാദനം, കടല്‍ജല ശുദ്ധീകരണം എന്നിവയ്ക്കായാണ് റഷ്യന്‍ കമ്പനി റിയാക്ടറുകള്‍ നിര്‍മിക്കുന്നത്. 2032ഓടെ 17.6 ഗിഗാവാട്ട് വൈദ്യുതിയാണു പദ്ധതിയിലൂടെ സഊദി ലക്ഷ്യമിടുന്നത്.
അതേസമയം, ആണവോര്‍ജ ഉല്‍പാദനം തുടങ്ങുന്നതിനു മുന്നോടിയായി രാജ്യത്ത് യുറേനിയം, തോറിയം ഉല്‍പാദനം ആരംഭിച്ചു. ഹായില്‍ പ്രവിശ്യയിലെ അല്‍ ഹായിതിലാണ് ചൈനീസ് കമ്പനിയുടെ സഹകരണത്തോടെ ഉല്‍പാദനം തുടങ്ങിയത്. ചൈന നാഷനല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ സഹകരണത്തോടെയാണ് സഊദി ജിയോളജിക്കല്‍ സര്‍വേ യൂറേനിയം, തോറിയം ഉല്‍പാദനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."