വ്യവസായ സൗഹൃദ സംസ്ഥാനമാകട്ടെ, കേരളം
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന നിയമ ഭേദഗതികളോട് താത്വികമായിട്ടെങ്കിലും യോജിക്കാത്തവര്‍ ഉണ്ടാവില്ല. പുതിയ സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങുന്നതിന് നിലവില്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിന് വേണ്ടിയുള്ള യുക്തിസഹമായ നിര്‍ദേശങ്ങളാണ് ഭേദഗതിയിലുള്ളത്. ലൈസന്‍സ് രാജിന്റെ ഊരാക്കുടുക്ക് മൂലം ഞെരുങ്ങുന്ന സംരംഭകര്‍ക്ക് തീര്‍ച്ചയായും ആശ്വാസകരമാണ് പുതിയ ഇളവുകള്‍. മുഖ്യമായും ഏഴ് ഭേദഗതികളാണ് ഓര്‍ഡിനന്‍സ് മുഖേന കൊണ്ടുവന്നിട്ടുള്ളത്. കേരള പഞ്ചായത്ത് നിയമം, കേരള മുനിസിപ്പാലിറ്റീസ് നിയമം, ഭൂജലവിനിയോഗ നിയമം, ചുമട്ടുതൊഴിലാളി നിയമം തുടങ്ങിയവയിലാണ് ആശ്വാസകരമായ മാറ്റമുണ്ടാക്കിയിരിക്കുന്നത്. തൊഴിലുടമകള്‍ക്ക് ചരക്ക് കയറ്റിറക്കിന് സ്വന്തം ജീവനക്കാരോ യന്ത്രസംവിധാനങ്ങളോ ഉണ്ടെങ്കില്‍ ഇനി ചുമട്ടുതൊഴിലാളികളെ കൂലിക്കെടുക്കേണ്ടിവരില്ല. സംരംഭകര്‍ക്ക് സ്വന്തം നിലയില്‍ ചരക്കുകള്‍ കയറ്റാനും ഇറക്കാനും പുതിയ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്നതിനും അതിന്റെ അനുമതി ലഭ്യമാക്കുന്നതിനും വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) കെ. സ്വിഫ്റ്റ് എന്ന പേരില്‍ ഒരു ഏകജാലക സംവിധാനവും പുതുതായി ഒരുക്കുന്നുണ്ട്. കെട്ടിട നിര്‍മാണ പ്ലാന്‍ വിലയിരുത്തുന്നതിന് ഇന്റഗ്രേറ്റഡ് ബില്‍ഡിങ് പ്ലാനിന് മാനേജ്‌മെന്റ് എന്ന പേരിലുള്ള സോഫ്റ്റ് വെയര്‍ അടുത്തമാസത്തോടെ നിലവില്‍ വരും.
ലൈസന്‍സിനുള്ള അപേക്ഷകളില്‍ 15 ദിവസത്തിനകം അനുമതി നല്‍കുകയോ നിരസിക്കുകയോ വേണമെന്ന കര്‍ശന നിയമവും പുതിയ ഭേദഗതിയിലുണ്ട്. ഒരു മറുപടിയും ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് ലഭിച്ചതായി കണക്കാക്കി അപേക്ഷകന് സംരംഭവവുമായി മുന്നോട്ട് പോകാവുന്നതാണ്. 25ല്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും ഹരിത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുമായ ഫാക്ടറികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള അനുമതിക്കും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സില്‍ നിന്നുള്ള ഫാക്ടറി ലൈസന്‍സിനും സ്വയം സാക്ഷ്യപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മതിയാവും. എന്നാല്‍, ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ അഞ്ചുലക്ഷം രൂപവരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
ലൈസന്‍സുകളുടെ സമയപരിധി ഒരു വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമായി ഉയര്‍ത്തിയിരിക്കയാണ്. പ്രതിവര്‍ഷം അപേക്ഷ നല്‍കി ലൈസന്‍സുകള്‍ പുതുക്കുന്നതിലുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍, ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ഷാവര്‍ഷം അടയ്ക്കണം. ലിഫ്റ്റുകള്‍ക്കും എക്‌സലേറ്ററുകള്‍ക്കും ഒരു വര്‍ഷത്തേക്ക് നല്‍കുന്ന ലൈസന്‍സുകള്‍ മേലില്‍ മൂന്നുവര്‍ഷത്തേക്കായി ഉയര്‍ത്തിയിട്ടുമുണ്ട്.
ഭൂഗര്‍ഭജല വിനിയോഗത്തിന്റെ കാര്യത്തിലും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അനുമതി ലഭ്യമാക്കും. പക്ഷേ, ചട്ടം ലംഘിച്ചാല്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തെ വ്യവസായ സൗഹാര്‍ദ സംസ്ഥാനങ്ങളുടെ റാങ്കിങില്‍ ഇരുപതാം സ്ഥാനമാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. 'തൊട്ടതിനും തോണ്ടിയതിനും' സമരം ചെയ്യുന്നവര്‍ എന്ന അപഖ്യാതി സംസ്ഥാനത്തിന്റെ നെറ്റിയില്‍ എങ്ങനെയോ പതിഞ്ഞുപോയിട്ടുണ്ട്. തൊഴിലാളി സമരങ്ങള്‍ മാത്രമല്ല, വ്യാജ പരിസ്ഥിതിവാദവും കോടതി വ്യവഹാരവും 'ജനകീയ' പഠന സമിതി റിപ്പോര്‍ട്ടുമെല്ലാം ഇതിനു കാരണമാവാറുണ്ട്. എന്തും കക്ഷി രാഷ്ട്രീയത്തിന്റെ സങ്കുചിത വീക്ഷണത്തിലൂടെ മാത്രം വിലയിരുത്തുന്ന മുഖ്യധാരാ പാര്‍ട്ടികളും, മുഖ്യധാരയില്‍ എത്തിച്ചേരാന്‍ വെമ്പല്‍ കൊള്ളുന്ന ചെറുകിട കക്ഷികളും മേധാവിത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ട്രേഡ് യൂനിയനുകളും എന്തിലും കച്ചവടക്കണ്ണുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകളുമെല്ലാം വില്ലന്‍വേഷം കെട്ടിയാടുമ്പോള്‍ തടസ്സപ്പെടുന്നത് നാടിന്റെ വികസനമാണ്.
ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രക്ഷോഭങ്ങള്‍ വേണ്ടതു തന്നെ. വികസനത്തിന്റെ മറവില്‍ മുച്ചൂടും മുടിക്കുന്ന ചൂഷകരെ തടയേണ്ടതുമുണ്ട്. പക്ഷേ, എന്തിനും ഏതിനും പ്രക്ഷോഭമെന്ന മുദ്രാവാക്യം ഉയര്‍ത്തി നാടിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്ന സമീപനം മാറ്റിയേ മതിയാവൂ. സംരംഭകര്‍ക്ക് നേരെ നമ്മള്‍ സമരക്കൊടി ഉയര്‍ത്തുമ്പോള്‍ അവരെ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് കേരളത്തിന് പുറത്തുള്ളവരെന്ന കാര്യം മറന്നുപോവരുത്. അങ്ങനെ ആട്ടിപ്പായിച്ചവരുടെ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ജോലിക്കായി പിന്നീട് വരി നില്‍ക്കേണ്ടി വരുന്ന കേരളീയ യുവത്വത്തിന്റെ ദൈന്യതയും കാണാതെ പോവരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."